എൽ ആൻഡ് ടി ഫിനാൻസ് പ്രവർത്തന തന്ത്രങ്ങൾ മാറ്റുന്നു

Posted on: October 21, 2016

l-t-logo-big

കൊച്ചി : വരുമാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്‌സ് പ്രവർത്തന തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നു. 2016 സാമ്പത്തിക വർഷത്തെ പത്തു ശതമാനം വരുമാനം 2020 ഓടെ 18-19 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ കാലഘട്ടങ്ങളിലും ലാഭമുണ്ടാക്കാൻ കഴിവുള്ള ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ആദ്യ ഘട്ടത്തിൽ ചെലവു യുക്തിസഹമാക്കാനുള്ള നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. മുഖ്യ ബിസിനസുകൾ അല്ലാത്തവ വിറ്റൊഴിക്കുകയാണ് രണ്ടാം ഘട്ടം. ഹൗസിംഗ്, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉൾപ്പെടെയുള്ള മൊത്തവിൽപ്പന മേഖലകളിൽ ലാഭകരമായ വളർച്ച കൈവരിക്കുക എന്നതാണ് സുപ്രധാനമായ മൂന്നാം ഘട്ടം. മികച്ചതും ലാഭകരവുമായ ബിസിനസ് വളർത്തിയെടുക്കുക എന്നതാവുമെന്ന് മാനേജിംഗ് ഡയറക്ടർ ദിനനാഥ് ദുബാഷി ചൂണ്ടിക്കാട്ടി.

മൊത്തവിൽപ്പന, ഹൗസിംഗ്, ഗ്രാമീണ ധനസഹായം തുടങ്ങിയ മേഖലകളിൽ എൽ ആൻഡ് ടി ഫിനാൻസിനു മേൽക്കൈ ലഭിക്കാൻ പുതിയ നീക്കം സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ബോസ്റ്റണിൽ നിന്നുള്ള ബെയിൻ കാപ്പിറ്റൽ എൽ ആൻഡ് ടി ഫിനാൻസ് പുറത്തിറക്കിയ വാറന്റുകളിൽ 300-350 കോടി രൂപയോളം നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ വാറന്റുകൾ ഘട്ടം ഘട്ടമായി ഇക്വിറ്റി ഓഹരികളാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

TAGS: L & T Finance |