ഓഹരി വിപണിയിലെ എല്ലാ മേഖലകളിലും എൻ എസ് ഇ ക്ക് മുന്നേറ്റം

Posted on: October 3, 2016

national-stock-exchange-bui

കൊച്ചി : നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻ.എസ്.ഇ.) ഓഹരി വിപണിയിലെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെച്ചു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറു മാസങ്ങളിൽ എൻ എസ് ഇ യുടെ വിപണി വിഹിതത്തിൽ റെക്കോർഡ് കൈവരിക്കാനായിട്ടുണ്ട്. 2016 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇക്വിറ്റി-കാഷ് മാർക്കറ്റ് വിഭാഗത്തിൽ 24,17,500 കോടി രൂപയുടെ ഓഹരി കൈമാറ്റങ്ങൾ നടന്നപ്പോൾ അതിൽ 86 ശതമാനത്തിലേറെയും എൻ എസ് ഇ യുടെ വിഹിതമായിരുന്നു. 4,17,80,500 കോടി രൂപയുടെ ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിൽ 99 ശതമാനവും എൻ എസ് ഇ യുടെ വിഹിതമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം ഈ മേഖലകളിൽ എൻ എസ് ഇ യുടെ വിഹിതം യഥാക്രമം 85 ശതമാനവും 93 ശതമാനവും വീതമായിരുന്നു. വിവിധ വിഭാഗങ്ങളും ഉത്പന്നങ്ങളും കൈകാര്യം ചെയ്യുന്ന മേഖലകളിലും എൻ എസ് ഇ എക്കാലത്തേയും മികച്ച നിലയാണ് കൈവരിച്ചിരിക്കുന്നത്. നിക്ഷേപ ബോധവത്ക്കരണത്തിനായി നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നടത്തുന്ന തുടർച്ചയായ നീക്കങ്ങളാണ് ഉപഭോക്താക്കളെ എൻ എസ് ഇ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കുന്നത്.