ഐസിഐസിഐ ലൊംബാർഡ് എൻസിഡി വഴി 485 കോടി സ്വരൂപിച്ചു

Posted on: August 6, 2016

ICICI-Lombard-General-Insur

കൊച്ചി : ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി 485 കോടി രൂപ സ്വരൂപിച്ചു. പത്തുവർഷത്തെ കാലാവധിയിലുള്ള കടപ്പത്രത്തിന് 8.25 ശതമാനമാണ് പലിശ. മൂലധന സമാഹരണത്തിനു മറ്റു രീതികൾ ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎഐ അനുവദിച്ചശേഷം ആദ്യമായാണ് ഒരു ഇൻഷുറൻസ് കമ്പനി ഇന്ത്യയിൽ കടപ്പത്രം നൽകി മൂലധനം സമാഹരിക്കുന്നത്.

ക്രിസിൽ, ഇക്ര എന്നീ റേറ്റിംഗ് ഏജൻസികളുടെ ട്രിപ്പിൾ എ റേറ്റിംഗും ഈ കടപ്പത്രത്തിനുണ്ട്. ഇത് ഏറ്റവും ഉയർന്ന സുരക്ഷിതത്വം ഉറപ്പു നൽകുന്നു. കടപ്പത്രം ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

കമ്പനിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ലഭ്യമാക്കുന്നതിനാണ് കടപ്പത്രം ഇഷ്യു ചെയ്തിട്ടുള്ളതെന്ന് ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഭാർഗവ ദാസ്ഗുപ്ത പറഞ്ഞു.