വി ഗാർഡിന് 109 ശതമാനം ലാഭവർധന

Posted on: May 5, 2016

V-Guard-Logo-big

കൊച്ചി : വി ഗാർഡ് ഇൻഡസ്ട്രീസ് മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ 42 കോടി രൂപ നികുതിക്കുശേഷമുള്ള ലാഭം നേടിയതായി കമ്പനി മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി അറിയിച്ചു. മുൻകൊല്ലം ഇതേ കാലയളവിനേക്കാൾ (20 കോടി രൂപ) 109 ശതമാനം കൂടുതലാണ്. 2015-16 ധനകാര്യ വർഷത്തെ നികുതിക്കുശേഷമുള്ള ലാഭം 112 കോടി രൂപയാണ്. മുൻ കൊല്ലത്തെ അപേക്ഷിച്ച് 58 ശതമാനം വർധന. ജനുവരി-മാർച്ച് ക്വാർട്ടറിൽ കമ്പനി 513 കോടി രൂപ പ്രവർത്തന വരുമാനം നേടി. വർധന 16 ശതമാനം. 2015-16 ലെ മൊത്തം പ്രവർത്തന വരുമാനം 1,862 കോടി രൂപ. നികുതിക്കു മുമ്പുള്ള ലാഭം 2015-16 ൽ ആകെ 185 കോടി രൂപയും ആണ്.

ഓഹരിയൊന്നിന് 2.50 രൂപ വീതം ഡിവിഡൻഡ് നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഇതോടെ 2015-16 ലെ ആകെ ലാഭവിഹിതം ഏഴു രൂപയായി. സ്‌റ്റെബിലൈസർ, ഫാൻ, പമ്പ് എന്നിവ മികച്ച വിൽപ്പന നേടി. ദക്ഷിണേന്ത്യയ്ക്കു പുറത്തുള്ള ബിസിനസ് മികച്ച പുരോഗതി നേടി. ചെലവു കുറയ്ക്കാൻ കമ്പനി സ്വീകരിച്ച വിവിധ മാർഗങ്ങളും ലാഭവർധനയ്ക്ക് സഹായിച്ചു. തമിഴ്‌നാട്ടിൽ മിക്‌സർ ഗ്രൈൻഡറും കേരളത്തിൽ പുതിയ ശ്രേണി ഗ്യാസ് സ്റ്റൗവും വിപണിയിലെത്തിക്കുമെന്ന് മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.