ഇൻഫോസിസിന് 2,886 കോടി അറ്റാദായം

Posted on: July 30, 2014

Infosysoffice-B

ഇൻഫോസിസ് ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ 2,886 കോടി രൂപയുടെ അറ്റാദായം നേടി. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഭേദപ്പെട്ട ബിസിനസിന്റെ പിൻബലത്തിലാണ് ത്രൈമാസ ലാഭം മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 21.6 ശതമാനം വർധിച്ചത്.

കമ്പനിയുടെ മൊത്ത വരുമാനം 12,770 കോടി രൂപയായി. 11,267 കോടിയായിരുന്നു മുൻവർഷം ഇതേ ത്രൈമാസത്തേക്കാൾ 13.3 ശതമാനമാണു വർധന. പ്രതിയോഹരി വരുമാനം 50.51 ആയപ്പോൾ തൊട്ടുമുമ്പത്തെ ത്രൈമാസത്തേക്കാൾ ഉണ്ടായ വർധന 3.5 %. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 21.6 % വർധനയും രേഖപ്പെടുത്തി.

ഇക്കാലയളവിൽ പുതുതായി 61 ഇടപാടുകാരെ ലഭിച്ചു. ഇതോടെ മൊത്തം ഇടപാടുകാരുടെ എണ്ണം 910 ആയി. 11,506 പേർ കൂടി പുതുതായി ചേർന്നതോടെ ഇൻഫോസിസ് ജീവനക്കാരുടെ എണ്ണം 1,61,284 ആയി ഉയർന്നു. നടപ്പു സാമ്പത്തികവർഷം മൊത്ത വരുമാനം കമ്പനി പ്രതീക്ഷിക്കുന്നത് മുൻ വർഷത്തേക്കാൾ രൂപ അടിസ്ഥാനത്തിൽ 5.6-7.6 ശതമാനം അധിക വരുമാനമാണ്.

ബിസിനസ് നിർവഹണത്തിലെ ഏറ്റവും ഉയർന്ന കാര്യക്ഷമതയും സഫലതയും ഇടപാടുകാർക്ക് അനുഭവവേദ്യമാക്കാൻ കഴിയുന്നതിന്റെ ചാരിതാർത്ഥ്യം കമ്പനിക്കുണ്ടെന്ന് സ്ഥാനമൊഴിയുന്ന ഇൻഫോസിസ് സി ഇ ഒ യും എം ഡി യുമായ എസ്.ഡി.ഷിബുലാൽ പറഞ്ഞു. സമീപ ഭാവിയിൽ കമ്പനി പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇക്കഴിഞ്ഞ ക്വാർട്ടറിൽ നേടാൻ കഴിഞ്ഞ വൻ ഓർഡറുകൾ കമ്പനിയെ സംബന്ധിച്ചിടത്തോളം ശുഭോദർക്കവും ഉത്തജകരവുമാണെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ യു.ബി. പ്രവീൺ റാവു പറഞ്ഞു. കൂടുതൽ വളർച്ചയ്ക്കുതകുന്ന അധിക മുതൽമുടക്കിന് ഇൻഫോസിസ് തയ്യാറെടുക്കുമെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ രാജീവ് ബൻസാൽ അറിയിച്ചു.