സൗത്ത് ഇന്ത്യൻ ബാങ്കിന് രണ്ടാം ക്വാർട്ടറിൽ 93.38 കോടി അറ്റാദായം

Posted on: October 18, 2015

SIB-New-Logo-Big

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 22 ശതമാനം അറ്റാദായത്തിൽ വളർച്ച. രണ്ടാം ക്വാർട്ടറിൽ 93.38 കോടി രൂപ ബാങ്ക് ലാഭം നേടിയതായി മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ വി. ജി. മാത്യു കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

നടപ്പു ധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ അറ്റാദായം 65.29 കോടി രൂപയായിരുന്നു. ഒന്നാം ക്വാർട്ടറിനെ അപേക്ഷിച്ച് രണ്ടാം ക്വാർട്ടറിൽ 43 ശതമാനം ലാഭവളർച്ചയുണ്ടായി. മുൻ വർഷം ഇതേ കാലയളവിൽ ലാഭം 76.30 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തികവർഷം അർധ വാർഷികാടിസ്ഥാനത്തിൽ ബാങ്കിന്റെ മൊത്തം ബിസിനസ് 12.94 ശതമാനം വളർച്ചയോടെ 93,251 കോടി രൂപയായി.

നികുതിക്കു ശേഷമുള്ള ലാഭത്തിൽ 22.39 ശതമാനം വളർച്ചയാണു നേടിയത്. മൊത്തം നിക്ഷേപമാകട്ടെ 13.58 ശതമാനം ഉയർന്നിട്ടുള്ളതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. അറ്റ പലിശ വരുമാനം 8.37 ശതമാനം ഉയർന്ന് 388 കോടി രൂപയായി. എന്നാൽ, ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി 0.90 ശതമാനത്തിൽനിന്ന് 1.39 ശതമാനമായി. കാർഷിക, ചെറുകിട വ്യവസായ മേഖലയിലെ വായ്പയിൽ 26 ശതമാനവും ഭവന-വാഹന വായ്പാ മേഖലയിൽ യഥാക്രമം 38 ഉം 53 ഉം ശതമാനം വീതവും വർധനയുണ്ടായിട്ടുണ്ട്.

നിലവിൽ 831 ശാഖകളും 1,260 എടിഎമ്മുകളുമാണുള്ളത്. സാമ്പത്തികവളർച്ച നേടുന്നതിനു ചില്ലറ വ്യാപാര മേഖലയെ ക്രേന്ദീകരിച്ചു പ്രവർത്തനം വ്യാപിപിക്കുമെന്നു വി. ജി. മാത്യു പറഞ്ഞു. ബാങ്കിംഗ് സേവനം ഓൺലൈനിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി എസ്‌ഐബി മിറർ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോക്താക്കൾക്കായി തയാറാക്കിയിട്ടുണ്ട്. കളമശേരി കേന്ദ്രീകരിച്ച് ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാനും ബിസിനസ് പ്രമോഷനുമായും ഓഫീസ് പ്രവർത്തന സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.