എൽ ആൻഡ് ടി ഫിനാൻസിന് 92 കോടി രൂപ അറ്റാദായം

Posted on: July 29, 2015

L&T-Finance-logo-big

മുംബൈ : മെച്ചപ്പെട്ട മാർജിൻ, സ്ഥിരതയാർന്ന ഫീ വരുമാനം, പ്രവർത്തനച്ചിലവിലെ സ്ഥിരത എന്നിവയുടെ പിൻബലത്തിൽ എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്‌സ് ജൂൺ 30-ന് അവസാനിച്ച ക്വാർട്ടറിൽ 192 കോടി രൂപ അറ്റാദായം നേടി. മുൻവർഷമിതേ കാലയളവിലെ 167 കോടി രൂപയേക്കാൾ 15 ശതമാനം കൂടുതലാണ്. കമ്പനിയുടെ റീട്ടെയിൽ ഫിനാൻസ്, ഹോൾസെയിൽ ഫിനാൻസ് എന്നീ വിഭാഗങ്ങളിൽനിന്നുളള അറ്റാദായം 89 കോടി രൂപ വീതമാണ്.

ഈ കാലയളവിൽ കമ്പനിയുടെ വായ്പ 21 ശതമാനം വർധനയോടെ 49,219 കോടി രൂപയിലെത്തി. മുൻവർഷം ജൂൺ 30-ന് കമ്പനി നല്കിയിരുന്ന വായ്പ 40,764 കോടി രൂപയായിരുന്നു. ഇരുചക്രവാഹനം, ഭവനം, മൈക്രോ ഫിനാൻസ് എന്നീ റീട്ടെയിൽ മേഖലകളും വലിയ പദ്ധതികൾക്കുമാണ് കമ്പനി മുഖ്യമായി വായ്പ നല്കുന്നത്.

കമ്പനി നല്കിയിട്ടുളള വായ്പയിൽ 59 ശതമാനത്തോളം റീട്ടെയിൽ മേഖലയിലാണ്. വൻകിട പദ്ധതികൾക്കു നല്കിയിട്ടുളളത് (ഹോൾസെയിൽ ഫിനാൻസ്) 51 ശതമാനമാണ്. ആദ്യക്വാർട്ടറിൽ റീട്ടെയിൽ മേഖലയിൽ 25867 കോടി രൂപ വായ്പയായി അനുവദിക്കുകയും 6335 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. മുൻവർഷമിതേ കാലയളവിൽ ഇത് യഥാക്രമം 22678 കോടി രൂപയും 4525 കോടി രൂപയും വീതമായിരുന്നു. ഈ കാലയളവിൽ ഹോൾസെയിൽ വായ്പ 29 ശതമാനം വളർച്ചയോടെ 18086 കോടി രൂപയിൽനിന്ന് 23,352 കോടി രൂപയിലെത്തി.

കമ്പനിയുടെ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ബിസിനസിലെ ആസ്തി 19895 കോടി രൂപയിൽനിന്നു 12 ശതമാനം വർധനയോടെ 22213 കോടി രൂപയിലെത്തി. മൊത്ത ആസ്തിയിൽ 42 ശതമാനത്തോളം ഇക്വിറ്റിയാണ്. ഇതാവട്ടെ മുൻവർഷത്തേക്കാൾ 76 ശതമാനം കൂടുതലാണ്.

വായ്പാ ബിസിനസിൽനിന്നുളള നെറ്റ് ഇന്ററസ്റ്റ് മാർജിൻ 22 ശതമാനം വർധനയോടെ 558 കോടി രൂപയിൽനിന്നു 681 കോടി രൂപയിലെത്തി. അതായത് 5.52 ശതമാനത്തിൽനിന്നു 5.65 ശതമാനത്തിലേക്കു ഉയർന്നു. വായ്പയിൽ ആരോഗ്യകരമായ 21 ശതമാനം വളർച്ചയുണ്ടായതിലും അറ്റാദായത്തിൽ 15 ശതമാനം ഉയർച്ച ഉണ്ടായതിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്. റീട്ടെയിൽ ബിസിനസ് മേഖലയിൽ ആരോഗ്യകരമായ വളർച്ചയും അവസരങ്ങളുമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് എൽ ആൻഡ് ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വൈ. എം ദേവ്സ്ഥലി അറിയിച്ചു.