ഇ – കെ വൈ സി സേവനങ്ങളുമായി ഫിനാഹബ് ടെക്‌നോളജീസ്

Posted on: January 1, 2015

Fina-Hub-Founders-big

ഒരു ലക്ഷം രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനിയുടെ ആദ്യ ടേൺ ഓവർ തന്നെ എൺപത് ലക്ഷം രൂപ. അടുത്ത വർഷത്തെ ലക്ഷ്യം 2 കോടി രൂപ. വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ എങ്കിൽ സംശയിക്കേണ്ടാ ഇത് സത്യമാണെന്ന് ഫിനാഹബ് ടെക്‌നോളജീസ് തെളിയിച്ചു. മുളന്തുരുത്തി സ്വദേശിയായ അജിത്തും തിരുവനന്തപുരം സ്വദേശിയായ രാജേഷ്‌കുമാറും ചേർന്ന് ആരംഭിച്ച ഫിനാഹബ് ടെക്‌നോളജി സോലൂഷ്യൻ പ്രൈവറ്റ് ലിമിറ്റഡ് വളർച്ചയുടെ പുതിയ പടവുകളിലാണ്.

വിവിധ സ്ഥാപനങ്ങളിൽ അവർക്കു ലഭിക്കുന്ന തിരിച്ചറിയൽ രേഖകൾ പരിശോധന നടത്തി യഥാർഥമാണോ അല്ലയോ എന്ന് ഫിനാഹബ് ഇ-കെവൈസി എന്ന സേവനത്തിലൂടെ ഉറപ്പുവരുത്തുകയാണ് ഈ സ്റ്റാർട്ടപ്പ് കമ്പനി. ആധാർ കാർഡുമായി ബന്ധപ്പെടുത്തിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ.

ഒരു സ്ഥാപനത്തിൽ രേഖകളായി സൂക്ഷിച്ചു വയ്‌ക്കേണ്ട ഉപഭോക്താവിന്റെ വിവരങ്ങൾ യഥാർത്ഥമാണോ എന്ന് തിരിച്ചറിയുക ഏതൊരു സ്ഥാപനത്തെ സംബന്ധിച്ചടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രത്യേകിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ. കസ്റ്റമേഴ്‌സ് നൽകുന്ന രേഖകൾ വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കാൻ കഴിയാതെ പല സ്ഥാപനങ്ങളും കുഴങ്ങുന്നു. കമ്പനിയും കസ്റ്റമേഴ്‌സിനും ഇടയിലെ വിശ്വാസ്യത ഉറപ്പാക്കുന്നതിന് സെബിയുടെ നിബന്ധന പ്രകാരം ഏർപ്പെടുത്തിയ നോ യുവർ കസ്റ്റമർ (കെവൈസി) സംവിധാനം ഇത്തരം അപകാതകളാൽ പലപ്പോഴും പരാജയപ്പെടുന്നു.

ഈ ഒരു സാഹചര്യം ഇല്ലാതാക്കി ഉപഭോക്താവിന്റെ സത്യസന്ധമായ വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുക എന്ന ലക്ഷ്യവുമാണ് ആധാർ അടിസ്ഥാനമാക്കിയുള്ള കെവൈസി സേവനവുമായി സ്‌റ്റോക്ക്മാർക്കറ്റിംഗ് രംഗത്ത് ശ്രദ്ധേയമായ ഫിനാഹബ് ടെക്‌നോളജി സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയത്.

Finahub-e-KYC-bigഫിനാഹബ്  ഇ – കെ വൈ സി എന്നു പേരിട്ടിരിക്കുന്ന ഈ സേവനം വഴി ഒരാളുടെ ആധാർ വിവരങ്ങൾ കമ്പനിക്ക് ലഭ്യമാക്കി കബളിക്കപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുകയെന്നതാണ് ഇവർ ലക്ഷ്യമിടുന്നത്. നിലവിൽ പണമിടപാടുകൾക്കായി എത്തുന്ന ഉപഭോക്താക്കൾ നൽകുന്ന ഐഡി പ്രൂഫിലെയും ആധാർ കാർഡിലെയും വിവരങ്ങൾ കംപ്യൂട്ടറിൽ ചേർക്കുകയെന്നത് മാത്രമാണ് ചെയ്യുന്നത്. ഇയാൾകൊണ്ടുവന്നിരിക്കുന്ന രേഖകൾ വ്യാജമാണോ അല്ലയോ എന്ന് ഉറപ്പാക്കാനുള്ള സംവിധാനമില്ല. എന്നാൽ കെവൈസിയെ ആധാറുമായി ബന്ധപ്പെടുത്തുകവഴി ഇത്തരത്തിലുള്ള വ്യാജരേഖകളെ കണ്ടെത്താനാകും.

ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു സ്ഥാപനത്തിലെ കെ വൈ സി യിൽ ഒരു കസ്റ്റമർ തിരിച്ചറിയൽ വിവരങ്ങൾ ചേർക്കുമ്പോൾ അതുമായി സാമ്യമുള്ള ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകളുടെ വിവരങ്ങൾ കമ്പനിക്ക് ലഭിക്കും. ആധാർ കാർഡിലെ നമ്പറാണ് നൽകുന്നതെങ്കിൽ ആ നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു വ്യക്തിയുടെ വിവരങ്ങളായിരിക്കും ലഭിക്കുക. ആധാറിലെ ഫോട്ടോയോ കസ്റ്റമറുടെ വിരലടയാളമോ പരിശോധിച്ചാൽ കസ്റ്റമറുടെ ഐഡന്റിറ്റി വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കും. ഇതുവഴി കബളിക്കപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാമെന്ന് കമ്പനി അധികൃതർ പറയുന്നു.

ആധാർ രേഖകൾ സൂക്ഷിക്കുന്ന യുഐഡിഎഐയുടെ കർശനമായ നിബന്ധനകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കുമാത്രമെ ആധാർ വിവരങ്ങൾ ലഭ്യമാകുകയുള്ളു. ഇതിനായി ആ സ്ഥാപനം കെവൈസിയുടെ യൂസർ ഏജന്റായി യുഐഡിഎഐയിൽ എൻറോൾ  ചെയ്യണം. മാത്രമല്ല ആധാർവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനു പ്രത്യേകം സെർവറും വിവരങ്ങൾ സെർവറിലേക്ക് എത്തിക്കുന്നതിനുള്ള സോഫ്റ്റ് വേറും ആവശ്യമാണ്. ഈ സെർവറും സോഫ്റ്റ് വേറുമാണ് ഫിനാഹബ് ഇ – കെ വൈ സി
സൊല്യൂഷൻ വഴി കമ്പനി നൽകുന്നത്.

മുത്തുറ്റ് ഫിനാൻസ് ഫിനാഹബ് ഇ – കെ വൈ സി സൊല്യൂഷന്റെ ആദ്യ കസ്റ്റമറാണ്. കേരളത്തിനകത്തും പുറത്തുമായി മുത്തൂറ്റ് ഫിനാൻസിന്റെ അൻപത് ശതമാനത്തോളം ബ്രാഞ്ചുകളിൽ ഈ സേവനം ലഭ്യമാക്കിക്കഴിഞ്ഞു. മണപ്പുറം ഗ്രൂപ്പും സൗത്ത് ഇന്ത്യൻ ബാങ്കും ഈ സേവനത്തിനായി കമ്പനിയെ സമീപിച്ചിട്ടുണ്ടെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസർ അജിത്ത് ജോർജ് പറയുന്നു.

കളമശേരി സ്റ്റാർട്ട് അപ്പ് വില്ലേജിൽ 2013 നവംബറിൽ ആരംഭിച്ച കമ്പനിയുടെ ആദ്യ സേവനമേഖല ഓഹരിവിപണിയായിരുന്നു. കിൻഷിപ്പ് പ്ലാറ്റ്‌ഫോം എന്ന പേരിൽ തുടങ്ങിയ ആദ്യ സേവനം സ്റ്റോക്ക് മാർക്കറ്റിംഗ് രംഗത്ത് കമ്പനികളെയും ഒപ്പം കസ്റ്റമേഴ്‌സിനെയും സഹായിക്കുക എന്ന ലക്ഷ്യമിട്ടുള്ളതായിരുന്നു. ഓഹരിവിപണിയിലെ കയറ്റിറക്കങ്ങൾ, നിലവിലെ മാർക്കറ്റിംഗ് സ്ട്രാറ്റജി
, സ്‌റ്റോക്ക് മാർക്കറ്റിംഗിലെ ഏറ്റവും പുതിയ വാർത്തകൾ തുടങ്ങി ഒരു കസ്റ്റമേഴ്‌സ് അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും അപ്പപ്പോൾ കസ്റ്റമേഴ്‌സിനു എത്തിച്ചുകൊണ്ടിരിക്കുകയെന്നതാണ്‌ കിൻഷിപ്പുവഴി കമ്പനി ചെയ്യുന്നത്.

ഇമെയിൽ, എസ്എംഎസ്, എംഎംഎസ്, വോയ്‌സ് മെസേജ് തുടങ്ങിയ വിവരസാങ്കേതിക സംവിധാനങ്ങൾ വഴിലാണ് ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്. കമ്പനി പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽതന്നെ ഹെഡ്ജ് ഇക്വിറ്റീസ്, കാപ്‌റ്റോക്‌സ്, ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രേഡ് പ്ലസ് എന്നീ സ്ഥാപനങ്ങൾക്ക് ഈ സേവനം ചെയ്തു കൊടുക്കുന്നുണ്ട്.

ഇലക്‌ട്രോണിക്‌സിൽ എൻജനീയറിംഗ് പൂർത്തിയാക്കിയ അജിത്തും രാജേഷ്‌കുമാറും ഒരു സ്റ്റോക്ക് മാർക്കറ്റിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് പരിചയപ്പെട്ടതും സ്വന്തം കമ്പനിയെക്കുറിച്ച് ആലോചിച്ചതും. സ്‌റ്റോക്ക് മാർക്കറ്റിംഗ് രംഗത്തെ അനുഭവപരിചയമാണ് ഈ മേഖലയിലേക്ക് തിരിയാൻ ഇവരെ പ്രേരിപ്പിച്ചത്. ഒരു ലക്ഷം രൂപ മൂലധനത്തിൽ ഇവർ ആരംഭിച്ച കമ്പനിയുടെ ആദ്യ ടേൺ ഓവർ എൺപതു ലക്ഷം രൂപയായിരുന്നു. 2015 ൽ ടേൺ ഓവർ രണ്ടു കോടിയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സിഇഒ കൂടിയായ രാജേഷ് സുകുമാരൻ പറഞ്ഞു.

website: www.finahub.com, e-mail: [email protected] ഫോൺ : 0484 3306303, 9847621691