പുതിയ സ്റ്റാര്‍ട്ടപ്പുമായി ബിന്നി ബന്‍സാല്‍

Posted on: December 17, 2018

ബംഗലുരു : ഫ്‌ളിപ്കാര്‍ട്ടിന്റെ സി ഇ ഒ സ്ഥാനം ഒഴിയേണ്ടിവന്ന ബിന്നി ബന്‍സാല്‍ പുതിയ സ്റ്റാര്‍ട്ടപ്പ് രൂപവത്ക്കരിക്കുന്നു. എക്‌സ് ടു 10 എക്‌സ് ടെക്‌നോളജീസ് എന്ന പേരിലാണ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പിന് രൂപം നല്‍കുന്നത്. 2015 മുതല്‍ 2017 വരെ ഫ്‌ളിപ്കാര്‍ട്ടിന്റെ സപ്ലൈ ചെയിന്‍ യൂണിറ്റിന് നേതൃത്വം നല്‍കിയ സായികിരണ്‍ കൃഷ്ണ മൂര്‍ത്തിയാണ് സംരഭത്തിന്റെ സഹസ്ഥാപകന്‍.

വളര്‍ച്ചാഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സോഫ്റ്റ്‌വേര്‍ ടൂളുകളും കണ്‍സള്‍ട്ടിംഗ്, മെന്ററിംഗ് സേവനങ്ങളും നല്‍കുന്നതായിരിക്കും പുതിയ സംരഭം. സോഫ്റ്റ്‌വേര്‍ കമ്പനിയായ സാപ് ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ കോഴ്‌സെറ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ മെക്കന്‍സി എന്നിവ നല്‍കുന്ന സേവനങ്ങള്‍ കമ്പനി ഒരു കുടക്കീഴില്‍ നല്‍കും. ബംഗലുരു കേന്ദ്രീകരിച്ച് 2019 ല്‍ പ്രവര്‍ത്തനം തുടങ്ങും.

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സംരഭമായ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സഹസ്ഥാപകനാണ് ബിന്നി. ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ റീട്ടെയില്‍ ഭീമന്മാരായ വാള്‍മാര്‍ട്ട് ഏറ്റെടുത്തതിനു പിന്നാലെയാണ് മീടു വിവാദത്തിന്റെ പേരില്‍ സ്ഥാനമൊഴിയേണ്ടി വന്നത്.

.