ക്ലൗഡ് സെക് 14 കോടിയുടെ നിക്ഷേപം സമാഹരിച്ചു

Posted on: December 7, 2018

സൈബർ സുരക്ഷാ സ്റ്റാർട്ടപ്പ് ക്ലൗഡ് സെക് 14 കോടിയുടെ നിക്ഷേപം സമാഹരിച്ചതു സംബന്ധിച്ച് കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഈസ്റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ, സംസാരിക്കുന്നു. ക്ലൗഡ് സെക് സ്ഥാപകനും സിടിഒ യുമായ രാഹുൽ ശശി, ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ക്ലൗഡ് സെക് സിഇഒയും ഡയറക്ടറുമായ മോഹൻലാൽ മേനോൻ തുടങ്ങിയവർ സമീപം.

കൊച്ചി : സൈബർ സുരക്ഷാ ആസൂത്രണ രംഗത്തെ സ്റ്റാർട്ടപ്പ് ക്ലൗഡ് സെക്
തങ്ങളുടെ പതാക വാഹക പദ്ധതിയായ എക്‌സ് വിജിൽ അവതരിപ്പിക്കുന്നതിനായി 14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. എക്‌സ്ഫിനിറ്റി വെഞ്ചർ പാർട്‌ണേഴ്‌സ്, ഇൻഫോസിസ്, വിപ്രോ സ്ഥാപകൻ എന്നിവയുടെ നേതൃത്വത്തിലുള്ള പ്രമുഖ സ്റ്റാർട്ടപ്പ് എക്‌സീഡ് എന്നിവയുടെ നേതൃത്വത്തിലാണ് നിക്ഷേപം. സൈബർ വെല്ലുവിളികൾ നേരിടുന്ന സംയോജിത സംവിധാനമായിരിക്കും എക്‌സ് വിജിൽ. ഇന്ത്യയിലെയും ദക്ഷിണ പൂർവേഷ്യയിലേയും സാന്നിധ്യം വിപുലമാക്കുന്നതിനും നിക്ഷേപം പ്രയോജനപ്പെടുത്തുമെന്ന് മീരാൻ, ക്ലൗഡ് സെക് സ്ഥാപകനും സിടിഒ യുമായ രാഹുൽ ശശി പത്രസമ്മേളനത്തിൽ പറഞ്ഞു.

സാമ്പത്തിക സ്ഥാപനങ്ങൾ, ഇ-കൊമേഴ്‌സ്, ഗതാഗത മേഖല എന്നിവിടങ്ങളിൽ സൈബർ സുരക്ഷ ഒരുക്കുന്ന ക്ലൗഡ് സെക് ഇപ്പോൾ ഫാർമസ്യൂട്ടിക്കൽസ്, പെട്രോകെമിക്കൽസ് മേഖലകളിലും ചെറുകിട വ്യാപാര രംഗത്തും പ്രവർത്തനം വിപുലമാക്കാനുളള നീക്കത്തിലാണ്. രാഹുൽ ശശിയുടെ ആശയങ്ങളിൽ ഉടലെടുത്ത ക്ലൗഡ് സെക് 2015 ൽ സിംഗപ്പൂരും ബംഗലുരുവും കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.

കൊച്ചി ആസ്ഥാനമായുള്ള ഈസ്‌റ്റേൺ ഗ്രൂപ്പിന്റെ നിക്ഷേപ വിഭാഗമായ എം. ഇ. മീരാൻ ഫൗണ്ടേഷൻ വഴിയാണ് 2015 ൽ ക്ലൗഡ്‌സെക് ആരംഭിച്ചത്. നവീന ആശയങ്ങൾ, സാമൂഹ്യ പ്രസക്തിയുളള വിഷയങ്ങൾ, സംരംഭങ്ങൾ എന്നിവയെ അഖിലേന്ത്യാ തലത്തിൽ പിന്തുണക്കുന്നതിനു വേണ്ടിയുളള ഈസ്റ്റേണിന്റെ സംരംഭമാണ് എം.ഇ. മിരാൻ ഫൗണ്ടേഷൻ എന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.

വിദ്യാഭ്യാസം, കൃഷി, ആരോഗ്യസേവനം, പുതുസാങ്കേതികവിദ്യ എന്നീ രംഗങ്ങളിലെ പുതുമയുളളതും, സാമൂഹ്യ പ്രസക്തിയുളളതുമായ നിരവധി സംരംഭങ്ങളെയാണ് ഫൗണ്ടേഷൻ പിന്തുണച്ചു വരുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

ഈസ്റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ, ക്ലൗഡ് സെക് സ്ഥാപകനും സിടിഒ യുമായ രാഹുൽ ശശി, ക്ലൗഡ് സെക് സിഇഒയും ഡയറക്ടറുമായ മോഹൻലാൽ മേനോൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.