സ്റ്റാർട്ടപ്പ് യാത്ര ഗ്രാൻഡ് ഫിനാലെ: അരുണിമ സിആർ മികച്ച വനിതാ സംരംഭക

Posted on: November 27, 2018

തിരുവനന്തപുരം : ജലാശയങ്ങളിലെ ഖരമാലിന്യം മനുഷ്യസഹായമില്ലാതെ നീക്കം ചെയ്യുതിനുള്ള ഉപകരണം നിർമിക്കാൻ ആശയം അവതരിപ്പിച്ച് അരുണിമ സിആർ സ്റ്റാർട്ടപ്പ് യാത്ര ഗ്രാൻഡ് ഫിനാലെയിൽ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്‌കാരം നേടി. വയനാട് മീനങ്ങാടി സർക്കാർ പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കൽ ഡിപ്ലോമ വിദ്യാർത്ഥിനിയാണ് അരുണിമ.

വൻനഗരങ്ങളിൽ നിന്ന് സംസ്ഥാനത്തെ ഇടത്തരം, ചെറുകിട പട്ടണങ്ങളിലേയ്ക്കും സംരംഭകത്വത്തിന്റെ വഴി തുറക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ കേരള സ്റ്റാർട്ടപ്പ് മിഷനും കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് യാത്രയുടെ ഗ്രാൻഡ് ഫിനാലെയിൽ ആശയങ്ങളുടെ മികവിൽ ഇരുപതോളം സംഘങ്ങളാണ് ജേതാക്കളായത്.

കർഷകർക്കായി ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ തയാറാക്കി കാസർഗോഡു നിന്ന് എത്തിയ റഷീദ വിപി വനിതാ സംരംഭക വിഭാഗത്തിൽ രണ്ടാം സ്ഥാനവും തലച്ചോർ നിയന്ത്രിത വീൽചെയർ ആശയം അവതരിപ്പിച്ച് കോട്ടയത്തു നിന്നത്തെിയ ആൻഡ്രിയ ആന്റണി മൂന്നാം സ്ഥാനവും നേടി.

മികച്ച വനിതാ സംരംഭകർ ഉൾപ്പെടെ ഹീറോ ഓഫ് ദ സ്റ്റേറ്റ്്, മികച്ച ടെക്‌നോളജി സ്റ്റാർട്ടപ്പ്, മികച്ച സാമൂഹ്യ സ്റ്റാർട്ടപ്പ്, മികച്ച സുസ്ഥിര സ്റ്റാർട്ടപ്പ് എന്നീ വിഭാഗങ്ങളിലായാണ് ഇരുപതോളം സംഘങ്ങളെ ജേതാക്കളായി തെരഞ്ഞെടുത്തത്.

ഹീറോ ഓഫ് ദ സ്റ്റേറ്റ് ആയി ദേവി വിഎസ് (തിരുവനന്തപുരം), ജിതിൻ ജെ (കൊല്ലം), തോമസ് സിറിയക് (കോട്ടയം), സച്ചു ശിവറാം എസ് (കൊച്ചി), വർഷ ജെ. (തൃശൂർ), മുഹമ്മദ് സഹീർ മരക്കാത്തേൽ (കോഴിക്കോട്), അനീഷ് ‘സന്റ് (വയനാട്), ഹാരിസ് (കാസർഗോഡ്) എന്നിവരുടെ സംഘത്തെ തെരഞ്ഞെടുത്തു.

മികച്ച ടെക്‌നോളജി സ്റ്റാർട്ടപ്പ് വിഭാഗത്തിൽ അമൽ സി സജി ഒന്നാം സ്ഥാനവും രാഹുൽ കെ.എസ് രണ്ടാം സ്ഥാനവും അനി സാം വർഗീസ് മൂന്നാം സ്ഥാനവും നേടി. മികച്ച സാമൂഹ്യ സ്റ്റാർട്ടപ്പ് വിഭാഗത്തിൽ റിസ്വാൻ അഹമ്മദ് കെ ഒന്നാം സ്ഥാനവും ഉഷാ നന്ദിനി രണ്ടാം സ്ഥാനവും നോറീൻ എൻ മൂന്നാം സ്ഥാനവും നേടി. മികച്ച സുസ്ഥിര സ്റ്റാർട്ടപ്പ് വിഭാഗത്തിൽ കെവിൻ ആർ ഒന്നാം സ്ഥാനവും അമൽജിത് എസ്ബി രണ്ടാം സ്ഥാനവും രാഗേഷ് മൂന്നാം സ്ഥാനവും നേടി.

പങ്കെടുത്ത നൂറ്റിയമ്പതോളം പേരിൽ നിന്നുള്ള എൺപതോളം ആശയങ്ങളിൽ നിന്നാണ് 20 ആശയങ്ങൾ സമ്മാനാർഹമായത്. പത്തരലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഈ ആശയങ്ങൾ കരസ്ഥമാക്കിയത്. ഗ്രാൻഡ് ഫിനാലെയിലെത്തിയ എല്ലാ ആശയങ്ങളും കെഎസ്‌യുഎമ്മിന്റെ ഇൻകുബേഷനും അർഹമായി.