മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ വിപണി കീഴടക്കാന്‍ സജ്ജം

Posted on: November 20, 2018

കൊച്ചി: വിപണി കീഴക്കാന്‍ സജ്ജമായ ഉത്പന്നങ്ങളാണ് മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുക്കുന്നതെന്ന് കേന്ദ്ര ടെലികോംസെക്രട്ടറി ശ്രീമതി അരുണ സുന്ദരരാജന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന ടൈകോണ്‍ കേരള സമ്മേളനത്തിന്റെ ഭാഗമായി മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ഒരുക്കിയ പ്രദര്‍ശനം സന്ദര്‍ശിക്കുകയായിരുന്നു അവര്‍. സാധാരണക്കാരന് ഉതകുന്നതാകണം സാങ്കേതിക വിദ്യയിലെ പുതിയ കണ്ടുപിടുത്തങ്ങളെന്ന് അവര്‍ പറഞ്ഞു. മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഇതിന് ഉത്തമ ഉദാഹരണമാണെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അരുണ സുന്ദരരാജന്‍ പറഞ്ഞു. 65 സ്റ്റാര്‍ട്ടപ്പുകളെ ഇന്‍കുബേറ്റ് ചെയ്യുന്ന മേക്കര്‍വില്ലേജിന് എല്ലാ സഹായസഹകരണങ്ങളും അവര്‍ വാഗ്ദാനം ചെയ്തു.