സ്റ്റാര്‍ട്ടപ്പ് യാത്രയ്ക്ക് ടൈകോണ്‍ കേരള സമ്മേളനത്തില്‍ സ്വീകരണം

Posted on: November 20, 2018

കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് യാത്രയ്ക്ക് ടൈകോണ്‍ കേരള സമ്മേളനത്തില്‍ ആവേശകരമായ സ്വീകരണം. ചെറുനഗരങ്ങളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ്‌കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് യാത്രയ്ക്ക് തുടക്കമിട്ടത്.യാത്രയുടെ ഭാഗമായി തൃശൂര്‍ സഹൃദയ കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ നടന്നബൂട്ട് ക്യാമ്പില്‍ അവതരിപ്പിച്ച  49  ആശയങ്ങളില്‍ നിന്നും പത്തെണ്ണം തിരുവനന്തപുരത്ത് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുത്തു.

സഹൃദയകോളേജില്‍ നടന്ന ബൂട്ട് ക്യാമ്പില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. യാത്രയുടെ അടുത്ത ബൂട്ട് ക്യാമ്പ് കോഴിക്കോട് എന്‍ഐടി ക്യാമ്പസ്സിലാണ്. കോഴിക്കോട് ഐഐഎമ്മില്‍ വാന്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും. 14 ജില്ലകളിലായി 14 സ്ഥലങ്ങളിലൂടെയാണ് സ്റ്റാര്‍ട്ടപ്പ് യാത്ര കടന്നു പോകുന്നത്. ഇതു കൂടാതെ എട്ട് ബുട്ട്ക്യാമ്പുകളും യാത്രയുടെ ഭാഗമായി നടത്തും. ബൂട്ട്ക്യാ മ്പുകളിലാണ് ആശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുന്ന ദ്വിദിന ത്വരിത പരിശീലന ക്യാമ്പില്‍ പങ്കെടുക്കാം. അതിലെ പ്രകടനത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംരംഭം തുടങ്ങുന്നതിനു വേണ്ട സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. വിജയികളാകുന്നവര്‍ക്ക് നവംബര്‍ 26-27 തിയതികളില്‍ തിരുവനന്തപുരം പാര്‍ക്ക് സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പത്തുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുന്നത്.