കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ ലഭിച്ചത് 273 കോടി രൂപയുടെ നിക്ഷേപം

Posted on: November 20, 2018

കൊച്ചി : സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 2018 സെപ്തംബര്‍ വരെ ലഭിച്ചത് 273 കോടി രൂപയുടെ നിക്ഷേപം. ടൈ കേരളയും ഇന്‍ക് 42 ഉം ചേര്‍ന്ന് തയ്യാറാക്കിയ കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ടൈകോണ്‍ സമ്മേളനത്തില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ സമഗ്രമായ റിപ്പോര്‍ട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ ടൈ കേരളയും ഇന്‍ക് 42 ഉം ചേര്‍ന്ന് തയ്യാറാക്കിയത്. ഇതു പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം 2018 സെപ്തംബര്‍ വരെ 273 കോടിയോളം രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്.കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 1402 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് ഉള്ളത്. ഇതില്‍ നിക്ഷേപം ലഭിച്ച 59 സംരംഭങ്ങളുണ്ട്. 50 സംരംഭങ്ങളുമായി നിക്ഷേപക കരാറായിട്ടുണ്ടെന്നും ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് പറയുന്നു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 35 ശതമാനം ഐടി അധിഷ്ഠിതമാണ്, 11 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ ആരോഗ്യമേഖലയിലും 9 ശതമാനം വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാനമായിട്ടുള്ളവയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 40 ശതമാനം ഉത്പന്നങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ആകെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 13 ശതമാനം സ്ത്രീകള്‍ സ്ഥാപകരോ സഹസ്ഥാപകരോ ആയിട്ടുള്ളവയാണ്. ആകെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ 60 ശതമാനവും ഇന്‍കുബേറ്റ് ചെയ്യപ്പെട്ടവയുമാണ്.

അടുത്ത 30 വര്‍ഷത്തിനുള്ളില്‍ മാലിന്യങ്ങളില്ലാത്ത, അന്തരീക്ഷ മലിനീകരണം ഇല്ലാത്ത, കറന്‍സിയുമില്ലാത്ത കേരളമാണ് സ്വപ്‌നം കാണേണ്ടതെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ പറഞ്ഞു. പ്രതീക്ഷ നല്‍കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളും ആശയങ്ങളും കേരളത്തില്‍ നിന്നുയര്‍ന്നു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രളയദുരന്ത സമയത്ത് നിരവധി സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും ഉപയോഗപ്പെട്ടുവെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. കേരളത്തിലെ പ്രാദേശിക മേഖലകളില്‍ നിന്നും മികച്ച സംരംഭങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഐ ബിഎം നടത്തിയ സ്റ്റാര്‍ട്ടപ്പ് മത്സരത്തില്‍ കാസര്‍കോഡു നിന്നുള്ള സ്റ്റാര്‍ട്ടപ്പാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.