സ്റ്റാര്‍ട്ടപ്പ് യാത്ര ബ്യൂട്ട് ക്യാമ്പ് ഇന്ന് ടി കെ എം കോളേജില്‍

Posted on: November 19, 2018

തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് യാത്രയുടെ ആദ്യ ബൂട്ട് ക്യാമ്പില്‍നിന്ന് പത്ത് ആശയങ്ങള്‍ ഈ മാസാവസാനം നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെക്കായി തിരഞ്ഞെടുത്തു. മാര്‍ബസേലിയോസ് എന്‍ജിനീയറിംഗ് കോളേജില്‍ തിങ്കളാഴ്ച നടന്ന ബൂട്ട് ക്യാമ്പില്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. മുപ്പത്തിയഞ്ച് ആശയങ്ങള്‍ ഇവിടെ അവതരിപ്പിക്കപ്പെട്ടു.

കേരളത്തിലെ ചെറുനഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് തങ്ങളുടെ ആശയങ്ങളും മാതൃകകളും അവതരിപ്പിക്കുന്നതിനു വേണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അടുത്ത ബൂട്ട് ക്യാമ്പിന് നവംബര്‍ 13 ചൊവ്വാഴ്ച കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളേജ് വേദിയാകും. പത്തനംതിട്ട മൗണ്ട് സിയോന്‍ കോളേജില്‍ തിങ്കളാഴ്ച ക്രമീകരിച്ച വാന്‍ സ്‌റ്റോപ്പില്‍ മൂന്നൂറോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. ചൊവ്വാഴ്ച ചെങ്ങന്നൂര്‍ എന്‍ജിനീയറിംഗ് കോളേജിലാണ് വാന്‍ സ്‌റ്റോപ് സജ്ജീകരിച്ചിരിക്കുന്നത്.

14 ജില്ലകളിലായി 14 സ്ഥലങ്ങളിലൂടെയാണ് സ്റ്റാര്‍ട്ടപ്പ് യാത്ര കടന്നു പോകുന്നത്. ഇതു കൂടാതെ എട്ട് ബുട്ട് ക്യാമ്പുകളും യാത്രയുടെ ഭാഗമായി നടത്തും. ബൂട്ട് ക്യാമ്പുകളിലാണ് ആശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുന്ന ദ്വിദിന ത്വരിത പരിശീലന ക്യാമ്പില്‍ പങ്കെടുക്കാം. അതിലെ പ്രകടനത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംരംഭം തുടങ്ങുന്നതിനുവേണ്ട സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

വിജയികളാകുന്നവര്‍ക്ക് നവംബര്‍ 26-27 തിയതികളില്‍തിരുവനന്തപുരം പാര്‍ക്ക് സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പത്തുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ സഹകരണത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ചെറുനഗരങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുകയാണ് യാത്രയുടെ പ്രാഥമിക ലക്ഷ്യം.