സ്റ്റാര്‍ട്ടപ്പ് യാത്രയുടെ ആദ്യ ബൂട്ട് ക്യാമ്പ് മാര്‍ബസേലിയസ് കോളേജില്‍

Posted on: November 19, 2018

തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് യാത്രയുടെ ആദ്യ ബൂട്ട് ക്യാമ്പ് തിരുവനന്തപുരം മാര്‍ബസേലിയസ് എന്‍ജിനീയറിംഗ് കോളേജില്‍  12.11.2018, തിങ്കളാഴ്ച നടക്കും. കേരളത്തിലെ ചെറുനഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് തങ്ങളുടെ ആശയങ്ങളും മാതൃകകളും അവതരിപ്പിക്കുന്നതിനു വേണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

14 ജില്ലകളിലായി 14 ഇടങ്ങളിലാണ് സ്റ്റാര്‍ട്ടപ്പ് യാത്ര കടന്നു പോകുന്നത്. ഇതു കൂടാതെ എട്ട് ബുട്ട് ക്യാമ്പുകളും ഇതിലുണ്ടാകും. ബൂട്ട് ക്യാമ്പുകളിലാണ് ആശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുന്ന ദ്വിദിന ത്വരിത പരിശീലന ക്യാമ്പില്‍ പങ്കെടുക്കാം. അതിലെ പ്രകടനത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംരംഭം തുടങ്ങുന്നതിനുവേണ്ട സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. വിജയികളാകുന്നവര്‍ക്ക് നവംബര്‍ 26-27 തിയതികളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പത്തുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ സഹകരണത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ചെറുനഗരങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുകയാണ് യാത്രയുടെ പ്രാഥമിക ലക്ഷ്യം.