കേരളം ആവശ്യപ്പെടുന്നത് നല്‍കാന്‍ യുവ സാങ്കേതികവിദഗ്ധര്‍ക്ക് സാധിക്കണം : ഐടി സെക്രട്ടറി എം ശിവശങ്കര്‍

Posted on: November 19, 2018

കോട്ടയം : പ്രളയാനന്തര കേരളത്തില്‍ സമൂഹം ആവശ്യപ്പെടുന്ന സാങ്കേതിക വിദ്യ നല്‍കാന്‍ സംസ്ഥാനത്തെ എന്‍ജിനീയറിംഗ് സമൂഹത്തിന് സാധിക്കണമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ സംഘടിപ്പിച്ച ഐഇഡിസി (ഇന്നൊവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മന്റ് സെന്റര്‍) സമ്മേളനവും മേക്കര്‍ ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നായി നാലായിരത്തില്‍പരം വിദ്യാര്‍ത്ഥികളാണ് ഐഇഡിസി, മേക്കര്‍ ഫെസ്റ്റ് എന്നിവയില്‍ പങ്കെടുക്കാന്‍ എത്തിയത്.

സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം മൂലം തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നത് തെറ്റായ ധാരണയാണെന്ന് ഐഇഡിസി സമ്മേളനം ഉദ്ഘാടനം ചെയ്ത ഫാബ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഷെറി ലാസിറ്റര്‍ പറഞ്ഞു. ചില തൊഴിലുകള്‍ ഇല്ലാതാകുമെങ്കിലും ലക്ഷക്കണക്കിന് തൊഴിലവസരം പുതിയ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിക്കപ്പെടും. സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ലോകത്തിന് ഉപകാരമുള്ള ഉത്പന്നങ്ങള്‍ കണ്ടുപിടിക്കുന്നതിലാണെന്ന് അദ്ദേഹംപറഞ്ഞു.

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഏറ്റവും വലിയ വിദഗ്‌ധോപദേശക സമ്മേളനമാണ് ഐഇഡിസിയെന്നും കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ 50,000  വിദ്യാര്‍ത്ഥികളിലേക്കെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഇ ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷനും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്ന നടപടികള്‍ പ്രശംസനീയമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. മോത്‌വാനി ജഡേജ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ മേക്കര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.