ഐറോവിന്റെ ജലാന്തർഭാഗ ഡ്രോൺ ഡിആർഡിഒയിലേക്ക്

Posted on: September 14, 2018

കൊച്ചി : കളമശേരി മേക്കർവില്ലേജിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഐറോവ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യ അണ്ടർവാട്ടർ ഡ്രോൺ പ്രതിരോധ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) സ്വന്തമാക്കി. വിവിധോദേശങ്ങൾക്കായി ജലാന്തർഭാഗ ദൃശ്യങ്ങൾ തത്സമയം ചിത്രീകരിക്കുന്നതാണ് ഐറോവ് ട്യൂണ എന്ന റോബോട്ടിക്ക് ഡ്രോൺ.

മേക്കർ വില്ലേജിൽ നടന്ന ചടങ്ങിൽ തെരുമോ പെൻപോൾ സ്ഥാപകൻ സി ബാലഗോപാൽ റോബോട്ടിക്ക് ഡ്രോൺ ഔപചാരികമായി പുറത്തിറക്കി. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥിൽ നിന്നും ഡിആർഡിഒ സ്ഥാപനമായ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി(എൻപിഒഎൽ) ഡയറക്ടർ എസ് കേദാർനാഥ് ഷേണായി ഐറോവ് റോബോട്ടിനെ ഏറ്റുവാങ്ങി.

എൻപിഒഎല്ലിന്റെ വിവിധ ആവശ്യങ്ങൾക്കനുസൃതമായി റോബോട്ടിക് ഡ്രോൺ തയാറാക്കാൻ ഐറോവുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് എസ് കേദാർനാഥ് ഷേണായി പറഞ്ഞു. വെറുമൊരു ഉത്പന്ന കൈമാറ്റത്തിനപ്പുറം രാജ്യത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുള്ള പ്രോത്സാഹനമാണിതെന്നും അദേഹം പറഞ്ഞു.

റിമോട്ടഡ്‌ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ആർ ഒ വി ) വിഭാഗത്തിൽ പെടുന്ന രാജ്യത്തെ ആദ്യ വാണിജ്യ ഡ്രോൺ എൻപിഒഎല്ലിന്റെ ഗവേഷണ-വികസന കാര്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. തുടർന്ന് ഇത് പ്രതിരോധമേഖലയിലെ ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്തും.

ജോൺസ് ടി. മത്തായി, കണ്ണപ്പ പളനിയപ്പൻ പി. എന്നിവരുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഡ്രോൺ 50 മീറ്റർ ആഴത്തിലേയ്ക്ക് ചെന്ന് കപ്പലുകളുടെ അടിത്തട്ട്, സമുദ്രാന്തർഭാഗ കേബിളുകൾ, പാലങ്ങളുടെ തൂണുകൾ തുടങ്ങിയവയുടെ തത്സമയ എച്ച്ഡി വീഡിയോ എന്നിവ എടുക്കാൻ പ്രാപ്തമാണ്. ഇതു വഴി മുങ്ങൽ വിദഗ്ധർ ഭൗതികമായി വെള്ളത്തിനടിയിൽ എത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിക്കും.

വൈക്കത്ത്, ഇന്ത്യയുടെ ആദ്യ സോളാർ ഫെറിയിലാണ് ഐറോവ് ഡ്രോൺ ആദ്യമായി പരീക്ഷിച്ചത്. കപ്പലുകൾ, തുറമുഖങ്ങൾ, അണക്കെട്ടുകൾ, ന്യൂക്ലിയർ പവർ പ്ലാന്റുകൾ, രക്ഷാപ്രവർത്തനം, നേവിയുടെ മൈൻ കണ്ടെത്തൽ, സമുദ്രപഠനം തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാവുന്നതാണ് ഐറോവ് ഡ്രോൺ.

അമേരിക്കൻ ഹാർഡ്‌വേർ സ്റ്റാർട്ടപ്പ് മത്സരമായ ആൽഫാലാബ് ഗിയർ ഇന്ത്യയിൽ നടത്തിയ മത്സരത്തിൽ വിജയിച്ചത് ഐറോവിന്റെ അണ്ടർവാട്ടർ ഡ്രോണായിരുന്നു. മേക്കർവില്ലേജിൽ ഇൻകുബേറ്റ് ചെയ്ത ആദ്യ അഞ്ച് സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു ഐറോവ്. വരുന്ന ആറുമാസത്തിനുള്ളിൽ ആറോളം സ്റ്റാർട്ടപ്പ് കമ്പനികളുടെ ഉത്പന്നങ്ങൾ പുറത്തിറങ്ങും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം ഇലക്ട്രോണിക്‌സ് സ്റ്റാർട്ടപ്പുകൾ മേക്കർവില്ലേജിൽ ഉത്പന്നങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

മേക്കർവില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ, കൊച്ചിൻ ഷിപ്പ് യാർഡ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, കെഎസ്ഇബി, അഗ്നിശമന വകുപ്പ്, കെഎസ്‌ഐഡിസി, കെഎഫ്‌സി, എസ്എഫ്ഒ ടെക്‌നോളജീസ്, വേവ്‌സ് ഇലക്ട്രോണിക്‌സ്, ടൈ, കെഎംഎ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.