പ്രളയരക്ഷാപ്രവർത്തനം : കേരള സ്റ്റാർട്ടപ്പിന്റെ സാങ്കേതികവിദ്യ തുണയായി

Posted on: August 25, 2018

തിരുവനന്തപുരം : പ്രളയത്തിൽ കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് ഏറെ സഹായകമായത് കേരള സ്റ്റാർട്ടപ് മിഷനു കീഴിലുള്ള സ്റ്റാർട്ടപ്പിന്റെ സാങ്കേതികവിദ്യ. സ്ട്രാവാ ടെക്‌നോളജീസ് എന്ന സ്റ്റാർട്ടപ്പിന്റെ സഹായത്തോടെ നൂറുകണക്കിനു പേരാണ് പ്രളയദുരിതത്തിൽനിന്ന് ജീവിതത്തിന്റെ തുരുത്തുകളിലേയ്ക്ക് മടങ്ങിയത്. ലൊക്കേഷൻ ഇന്റലിജൻസ് അടക്കമുള്ള ഭൗമ സ്ഥാനനിർണയ മാർഗങ്ങളിലൂടെയാണ് (ജിയോ സ്‌പേഷ്യൽ ടെക്‌നോളജി സൊലൂഷൻ) സ്ട്രാവ ടെക്‌നോളജീസ് സംസ്ഥാന സർക്കാരിനും ദുരന്തനിവാരണസേനയ്ക്കും സൈനികസംഘങ്ങൾക്കും സമയാസമയം രക്ഷാപ്രവർത്തനത്തിനുള്ള വിവരങ്ങൾ നൽകിയത്.

സ്ട്രാവയുടെ റിയൽ ടൈം ലൊക്കേഷൻ ഇന്റലിജന്റ്‌സിലൂടെയാണ് ഈ വിവരങ്ങൾ ലഭിച്ചുകൊണ്ടിരുന്നത്. വിവരങ്ങൾ ക്രോഡീകരിക്കുന്നതിന് ജിയോ ഇന്റലിജൻസ് സംവിധാനമായ സൈബർ മങ്കി എന്ന സമഗ്ര വിവര വിശകലന സംവിധാനമാണ് ഉപയോഗിച്ചത്. സ്ട്രാവ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ്.

സംസ്ഥാനത്തൊട്ടാകെയുള്ള ദുരിതബാധിതരുടെ ഫോൺ സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ എത്തിയ അടിയന്തര സന്ദേശങ്ങളും ഏകോപിപ്പിച്ച്  സേനകൾക്ക് അന്തിമ വിവരങ്ങൾ നൽകുന്ന എമർജൻസി കൺട്രോൾ സെന്ററിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് സ്ട്രാവയുടെ ജിയോസ്‌പേഷ്യൽ വിഭാഗം മികച്ച പിന്തുണയാണ് നൽകിയത്. ഇതിനുപുറമെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ), കേരളാ സ്റ്റേറ്റ് ഐടി മിഷൻ, സെക്രട്ടേറിയറ്റ് ഐടി സെൽ എന്നിവയും സ്ട്രാവയുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി.

അടിയന്തിര സഹായം ആവശ്യമായവരെക്കുറിച്ച് കൃത്യമായ വിവരങ്ങളാണ് സ്ട്രാവ നൽകിയത്. അതത് സമയത്തെ ഭൂപ്രകൃതിയുടെ ദൃശ്യത്തെ സൈബർ മങ്കി യിലൂടെ നേരിൽകാണാനാകും. അതുകൊണ്ട് പ്രശ്‌ന സങ്കീർണമായ പ്രദേശങ്ങളുടെ ദൃശ്യങ്ങൾ നേരിട്ടു വിശകലനം ചെയ്യുന്നതിനും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ കൺട്രോൾ റൂമിൽ ഇരുന്നുകൊണ്ട് (എസ്ഇഒസി) രക്ഷാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സേനാംഗങ്ങൾക്ക് പ്രയോജനപ്പെട്ടതായി സ്ട്രാവ സ്‌പേഷ്യൽ ടെക്‌നോളജി ഓഫീസർ പറഞ്ഞു.

ജില്ലാ കളക്ടർമാരടക്കമുള്ളവരുടെയും വിവിധ വകുപ്പുകളുടെയും വാട്‌സ് ആപ് ഗ്രൂപ്പുകൾ, സമൂഹ മാധ്യമങ്ങൾ, ഇമെയിൽ സംവിധാനങ്ങൾ എന്നിവയിലെ വിവരങ്ങൾ തരംതിരിക്കുന്നതിന് സ്ട്രാവ ടെക്‌നോളജീസിനൊപ്പം രക്ഷാസേനകളും കെഎസ്ഡിഎംഎ, എസ്ഇഒസി, സംസ്ഥാന ഐടി മിഷൻ, സെക്രട്ടേറിയറ്റ് ഐടി സെൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കുചേർന്നു.

രക്ഷാപ്രവർത്തനങ്ങളിൽ കൃത്യതയോടെ ലക്ഷ്യത്തിലെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനും സൈബർ മങ്കി സഹായകമായതായി ഇന്ത്യൻ നാവിക സേന കമാൻഡർ സനൂജ് പറഞ്ഞു. എൻഡിആർഎഫ് സംഘാംഗം വൈരവ്, കരസേനയിലെ മേജർ കവിത എന്നിവരും സ്റ്റാർട്ടപ്പിന്റെ സേവനത്തെ പ്രകീർത്തിച്ചു.

സ്‌റ്റേറ്റ് കൺട്രോൾ റൂമിൽ നിന്നും ദുരന്ത നിവാരണത്തിന് മേൽനോട്ടം വഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർക്കു കീഴിൽ വിശ്രമം ഇല്ലാതെ സ്ട്രാവാ ടെക്‌നോളജി അംഗങ്ങൾ പ്രതിദിനം 18 മണിക്കൂറോളം പ്രവർത്തിച്ചിരുന്നതായി മാനേജിംഗ് ഡയറക്ടർ ജാൻസി ജോസ് പറഞ്ഞു. കേരളത്തിലെ ഒരു സംരംഭം എന്ന നിലയിൽ തനിക്കും സംഘാംഗങ്ങൾക്കും ഇത് അഭിമാന നിമിഷമാണെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രളയബാധിത തീവ്രത വിലയിരുത്തുന്നതിന് ഡ്രോൺ അധിഷ്ഠിത സഹായങ്ങൾ നൽകി കേരളത്തിലെ പുനരധിവാസത്തിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്കായി സഹകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.