സാംസംഗ് ഗ്ലോബല്‍ സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറേഷന്‍ പ്രോഗ്രാം

Posted on: August 22, 2018

ബംഗംലുരു: സാംസംഗ് ഇലക്‌ട്രോണിക്‌സ്, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബാംഗ്ലൂരുമായി (ഐഐഐടി-ബി) ചേര്‍ന്ന് ബംഗലുരുവില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. രാജ്യത്തെ പ്രാദേശിക സംരംഭങ്ങളുടെ സ്ഥായിയായ വളര്‍ച്ചയ്ക്കു വിവിധ മേഖലകളില്‍ പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

സാംസംഗിന്റെ കൊറിയയിലെ ആഗോള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള 31 ജീവനക്കാരും കൊറിയയില്‍ നിന്നുള്ള അഞ്ചു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സാംസംഗിന്റെ എംപ്ലോയി വോളന്റീയര്‍ പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസം കൊണ്ട് തെരഞ്ഞെടുത്ത 20 സ്റ്റാര്‍ട്ട്അപ്പുകള്‍ക്കാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്.

ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ നേരിടുന്ന വെല്ലുവിളികളെ മനസിലാക്കാനായി ഐഐഐടി-ബിയില്‍ ആഗസ്റ്റ് ആറു മുതല്‍ നടന്ന അഞ്ചു ദിവസത്തെ ബൂട്ട്കാമ്പില്‍ സ്റ്റാര്‍ട്ട്അപ്പുകളും അവര്‍ക്കായുള്ള ഉപദേശകരും പങ്കെടുത്തു. ആഗസ്റ്റ് 9ന് ഐഐഐടി-ബിയില്‍ ഉണ്ടായിരുന്ന വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങള്‍ക്കു മുമ്പാകെ ഇവര്‍ വിവിധ ബിസിനസ് മോഡലുകള്‍ അവതരിപ്പിച്ചു. ബംഗലുരു സാംസംഗ് ആര്‍ ആന്‍ഡ് ഡി ഇന്‍സ്റ്റിറ്റ്യൂട്ട്, ചീഫ് ടെക്‌നോളജി ഓഫീസര്‍ ഡോ. അലോക്‌നാഥ് ദേ, ഐഐഐടി-ബിയിലെ ഔട്ട്‌റീച്ച് സിഇഒ ഡി.വി. ജഗദീഷ്, വെഞ്ച്വര്‍ ഫണ്ട്‌സിന്റെ രണ്ടു പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട പാനലിനു മുമ്പാകെ ആഗസ്റ്റ് 10ന് സ്റ്റാര്‍ട്ട്അപ്പുകള്‍ വ്യക്തിഗത പ്രസന്റേഷനുകള്‍ നടത്തി.

കോമ്പോസിറ്റ് പേപ്പര്‍ ഹണികോമ്പ് പാനലുകളില്‍ നിന്നും തയ്യാറാക്കിയ റെഡി ടു അസമ്പിള്‍ വീടുകള്‍ ഓഫര്‍ ചെയ്ത ഹെക്‌സ്പ്രഷന്‍സ് പരിപാടിയില്‍ വിജയികളായി. രണ്ടു ലക്ഷം രൂപ സമ്മാനവും സ്വന്തമാക്കി. പ്രൈവസി എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിറോ ലാബ്‌സിനാണ് രണ്ടാം സ്ഥാനം. ഇവര്‍ 1.5 ലക്ഷം രൂപ നേടി. മൊബൈല്‍ മൈക്രോ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ബിസിനസ് മോഡല്‍ തയ്യാറാക്കിയ ഒല്ലി ക്രെഡിറ്റ് മൂന്നാം സ്ഥാനവും ഒരു ലക്ഷം രൂപയും നേടി.

രണ്ടു മാസത്തെ മെന്ററിംഗ് പ്രോസസിനിടെ പ്രകടനം മെച്ചപ്പെടുത്തിയ ജെറിയാട്രിക് കെയര്‍ നെറ്റ്‌വര്‍ക്കിന് ഇംപ്രൂവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. മികച്ച പൊട്ടെന്‍ഷ്യല്‍ അവാര്‍ഡ് ജെറിയാട്രിക് കെയര്‍ നെറ്റ്‌വര്‍ക്കും സാര്‍ട്ടൂണ്‍ ലാബ്‌സും പങ്കിട്ടു. ബെസ്റ്റ് സോഷ്യല്‍ ഇംപാക്റ്റ് അവാര്‍ഡ് അവിദിയ ലാബ്‌സ് കരസ്ഥമാക്കി.

യുവ മനസുകളില്‍ നൂതന ആശയങ്ങള്‍ വളര്‍ത്തുന്നത് പ്രോല്‍സാഹിപ്പിക്കുകയാണ് സാംസംഗിന്റെ ലക്ഷ്യമെന്നും ഗ്ലോബല്‍ സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറേഷന്‍ പ്രോഗ്രാമിലൂടെ സാംസംഗിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരും എന്‍ജിനീയര്‍മാരും പ്രാദേശിക സംരംഭങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ മാര്‍ഗനിര്‍ദേശങ്ങളിലൂടെ പിന്തുണ നല്‍കുകയാണെന്നും ഡോ. അലോക്‌നാഥ് ദേ പറഞ്ഞു. 2010ന് ആരംഭിച്ച ഈ പരിപാടിയിലേക്ക് 43 രാജ്യങ്ങളിലായി 1500 ജീവനക്കാര്‍ ചേര്‍ന്നിട്ടുണ്ട്.