സ്‌കെയിൽ-അപ് ഫെസ്റ്റിന് സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു

Posted on: June 10, 2018

തിരുവനന്തപുരം : വരുമാനം ലഭിക്കുന്ന തരത്തിൽ വളർന്ന സ്റ്റാർട്ടപ്പുകൾക്ക് 12 ലക്ഷം രൂപവരെ ഗ്രാന്റ് നൽകുന്ന സ്‌കെയിൽ-അപ് ഫെസ്റ്റ്‌ന് കേരള സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ 12 ലക്ഷം രൂപയെങ്കിലും വരുമാനമായോ നിക്ഷേപമായോ സമാഹരിച്ച സ്റ്റാർട്ടപ്പുകൾക്കാണ് ഐഡിയ ഡേയിലൂടെയുള്ള സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുള്ളത്.

കേരളത്തിൽ രജിസ്റ്റർ ചെയ്ത നിക്ഷേപം സമാഹരിക്കുന്ന ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കും സ്‌കെയിൽ-അപ് ഫെസ്റ്റിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. ഇവയുടെ വരുമാനമോ നിക്ഷേപമോ പരിശോധിച്ചതിനുശേഷം മാത്രമെ ഗ്രാന്റ് നൽകുകയുള്ളു. തെരഞ്ഞെടുക്കപ്പെടുന്നവർ തങ്ങളുടെ ഉത്പന്നത്തെക്കുറിച്ച് രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ, ഫണ്ട് വിനിയോഗ പദ്ധതി, പിച്ച് ഡെക്ക് എന്നിവ സമർപ്പിക്കണം. ഇതിനു ശേഷം പരിശോധനാ സമിതിയുടെ വിലയിരുത്തൽ കൂടി കഴിഞ്ഞശേഷം മാത്രമേ ആശയവുമായി മുന്നോട്ടു പോകേണ്ടതാണോ എന്നു തീരുമാനിക്കുകയുള്ളു.

അപേക്ഷകൾ ലഭിക്കാനുള്ള അവസാന തീയതി ജൂൺ 15 ആണ്. ജൂൺ 22 ന് ചുരുക്കപ്പട്ടികയും ജൂൺ 30 ന് അവസാന ഘട്ട ആശയാവതരണവും നടക്കും. താത്പര്യമുള്ളവർക്ക് www.startupmission.kerala.gov.in/scaleupideaday എന്ന വെബ്‌സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അന്വേഷണങ്ങൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.