കേരള സ്റ്റാർട്ടപ്പ് മിഷൻ ആശയ വാരാന്ത്യം ; പത്ത് ആശയങ്ങൾ യാഥാർഥ്യമാകുന്നു

Posted on: January 27, 2018

കൊച്ചി : കേരള സ്റ്റാർട്ടപ്പ് മിഷനും ഗൂഗിൾ ഫോർ എന്റർപ്രണേഴ്‌സും ചേർന്ന് നടത്തിയ ടെക്സ്റ്റാർസ് സ്റ്റാർട്ടപ്പ് ആശയ വാരാന്ത്യ പരിപാടിയിൽ അവതരിപ്പിച്ച പത്ത് ആശയങ്ങൾ യാഥാർഥ്യമാകുന്നു. 54 മണിക്കൂറുകളിലായി നടന്ന വാരാന്ത്യപരിപാടിയിൽ 39 ആശയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

ത്രിഡി ഗിഫ്റ്റ്‌സ് ആൻഡ് ഓബജക്ടസ് എന്ന നൂതന ആശയമാണ് ടെക്സ്റ്റാർ വാരാന്ത്യത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്വന്തം ഡിസൈനിലുള്ള ത്രിഡി ഉത്പന്നങ്ങൾ വാങ്ങാനും ത്രിഡി മാതൃകകൾ വിൽപന നടത്തി പണം സമ്പാദിക്കാനും ഈ സ്റ്റാർട്ടപ്പ് വഴി സാധിക്കും.

ഹർഷ് എസ് സുരേഷ്, ഗീതു ജോസ്, ടോമിൻ ജെയിംസ്, ശ്രീജിത്ത് കുമാർ എസ്, എബി അജിത്ത്, ഷോൺ ജോൺ, സെബിൻ എന്നിവരായിരുന്നു ഒന്നാം സ്ഥാനം ലഭിച്ച സംഘത്തിലുണ്ടായിരുന്നത്. കളമശ്ശേരിയിലെ കിൻഫ്ര ക്യാമ്പസിലെ ടെക്‌നോളജി ഇൻഫർമേഷൻ സോണിൽ സംഘടിപ്പിച്ച ടെക്സ്റ്റാർ വാരാന്ത്യത്തിൽ 120 ലേറെ പേർ പങ്കെടുത്തു.