പ്രോഡക്ട് സ്‌കൂൾ പ്രോഗ്രാമുമായി എസ്‌വി.കോ

Posted on: January 19, 2018

തിരുവനന്തപുരം : വിവരസാങ്കേതിക മേഖലയിലെ ഉത്പന്ന വികസനത്തിൽ ലോകോത്തര നിലവാരം ലക്ഷ്യമിട്ട്, എൻജിനീയറിംഗ് വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ പ്രോഡക്ട് സ്‌കൂൾ പ്രോഗ്രാം എന്ന പുതിയ സംരംഭവുമായി എസ്‌വി.കോ (സ്റ്റാർട്ടപ്പ് വില്ലേജ് കലക്ടീവ്) രംഗത്ത്. കോളജ് വിദ്യാർഥികൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഇൻകുബേറ്റർ ആയ എസ്‌വി.കോ മുൻനിര ഹെൽത്ത്‌കെയർ സ്റ്റാർട്ടപ്പായ കെയർസ്റ്റാക്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രോഡക്ട് സ്‌കൂളിന്റെ ഭാഗമാകുന്ന വിദ്യാർഥികൾക്ക് മുൻനിര ഐടി കമ്പനികൾ വാഗ്ദാനം ചെയ്യുന്നതിന്റെ രണ്ടു മടങ്ങ് ശമ്പളത്തോടെയുള്ള തൊഴിൽവാഗ്ദാനം കൂടിയാണ് എസ്‌വി.കോ മുന്നോട്ടുവയ്ക്കുന്നതെന്ന് എസ്‌വി.കോ ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു. കെയർസ്റ്റാക്ക് ഓപറേഷൻസ് മേധാവി അർജുൻ സതീഷ്, തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളജ് പൂർവവിദ്യാർഥി ശൈലേന്ദ്രൻ സോമൻ എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

പ്രോഡക്ട് സ്‌കൂളിനായുള്ള കേരളത്തിലെ പ്രചാരണം ശൈലേന്ദ്രൻ സോമന്റെ നേതൃത്വത്തിലാണ്. എസ്‌വി.കോ പ്രോഡക്ട് സ്‌കൂളിൽ ഏറ്റവും സമർത്ഥരായ 50 മുതൽ നൂറുവരെ സ്റ്റുഡന്റ് ഡവലപ്പർമാർക്കാണ് അവസരം ലഭിക്കും. ഒരു ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്. ആൺകുട്ടികൾക്ക് ഫീസിന്റെ 80 ശതമാനവും പെൺകുട്ടികൾക്ക് മുഴുവൻ ഫീസ് തുകയും സ്‌കോളർഷിപ്പ് ആയി ലഭിക്കും. എസ്.വി.കോ സ്ഥാപകരിലൊരാളും സോഫ്റ്റ്‌വേർ നിർമാണവിദഗ്ധനുമായ വിഷ്ണു ഗോപാൽ ആണ് പരിശീലകൻ.

കാമ്പസ് സ്റ്റാർട്ടപ്പുകൾ കേരളത്തിൽ വിജയകരമാവുന്നില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാണ് പ്രോഡക്ട് സ്‌കൂൾ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് സഞ്ജയ് വിജയകുമാർ ചൂണ്ടിക്കാട്ടി. ലോകോത്തരനിലവാരമുള്ള സോഫ്റ്റ്‌വെയർ നിർമിക്കാൻ വിദ്യാർഥികൾക്ക് ഏറ്റവും നൂതനമായ വിപണിയറിവുകൾ ഉണ്ടാവണം. ഇത്തരം അറിവുകൾ നൽകുക, സ്റ്റാർട്ടപ്പ് ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള പ്രാഗൽഭ്യം സൃഷ്ടിക്കുക, ആഗോളതലത്തിൽ മൽസരക്ഷമതയുള്ള സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കാൻ പ്രാപ്തരായ എൻജിനീയർമാരെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് പ്രോഡക്ട് സ്‌കൂളിനുള്ളതെന്നും സഞ്ജയ് അറിയിച്ചു.

പ്രോഡക്ട് സ്‌കൂളിനായി മലയാളി സംരംഭമായ ഹെൽത്ത്‌കെയർ സ്റ്റാർട്ടപ്പ് കെയർ സ്റ്റാക്കുമായാണ് എസ്‌വി.കോ കൈകോർക്കുന്നത്. ഫേസ്ബുക്കിന്റെ ആദ്യകാല നിക്ഷേപകരിലൊന്നായ ആക്‌സൽ പാർട്‌നേഴ്‌സിൽനിന്ന് 100 ലക്ഷത്തിലേറെ ഡോളർ നിക്ഷേപം നേടിയിട്ടുള്ള സ്റ്റാർട്ടപ്പാണ് കെയർ സ്റ്റാക്ക്. ശതകോടീശ്വര കമ്പനിയാകാനുള്ള ശേഷി തെളിയിച്ചിട്ടുള്ള കെയർസ്റ്റാക്കിന് അമേരിക്കൻ ഹെൽത്ത്‌കെയർ കമ്പനികളുമായും മത്സരക്ഷമതയുണ്ട്.

പ്രോഡക്ട് സ്‌കൂളിലേക്കുള്ള പ്രവേശന നടപടികൾക്കും www.sv.co എന്ന വെബ്‌സൈറ്റിലൂടെ തുടക്കമായിട്ടുണ്ട്. ക്രിപ്‌റ്റോ കറൻസി മൂല്യം പ്രദർശിപ്പിക്കുന്ന ഒരു വെബ്‌സൈറ്റ് നിർമാണത്തിനായുള്ള കോഡിങ് ചാലഞ്ചിൽ വിജയിക്കുന്ന വിദ്യാർഥികളുടെ ടീമിനാണ് പ്രവേശനത്തിന് അർഹത. കോഡിങ് ചാലഞ്ചിൽ യോഗ്യത നേടുന്ന വിദ്യാർഥികളിൽനിന്ന് ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് അവസാന ടീമിനെ തെരഞ്ഞെടുക്കുന്നത്. ആറുമാസം നീളുന്ന പ്രോഡക്ട് സ്‌കൂളിന് മാർച്ച് മാസത്തിൽ തുടക്കമാകും.

തെരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് എസ്‌വി.കോ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രവേശനമുണ്ടാകും. സോഫ്റ്റ്‌വേർ നിർമാണത്തിൽ ലോകോത്തര വിപണി തന്ത്രങ്ങളും നൂതന അറിവുകളും ലഭ്യമാകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വർക്ക് പ്രതിവർഷം ആറു ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ ശമ്പളത്തിൽ തൊഴിൽവാഗ്ദാനവും ലഭിക്കും.

സ്റ്റാർട്ടപ്പുകൾക്ക് വിജയത്തിലെത്താൻ പണം മാത്രം പോരെന്നും ലോകോത്തര എൻജിനീയറിങ് വൈദഗ്ധ്യം കൂടി ആവശ്യമാണെന്നും കെയർസ്റ്റാക്ക് ഓപറേഷൻസ് മേധാവി അർജുൻ സതീഷ് പറഞ്ഞു.

TAGS: SV.CO |