കേരള ആക്‌സിലറേറ്റർ പ്രോഗ്രാമുമായി സ്റ്റാർട്ടപ്പ് മിഷൻ

Posted on: January 12, 2018

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ സോൺ സ്റ്റാർട്ടപ്‌സ് ഇന്ത്യയുമായി ചേർന്ന് കേരള ആക്‌സിലറേറ്റർ പ്രോഗ്രാം സംഘടിപ്പിക്കുന്നു. സ്വന്തമായി വരുമാനമുണ്ടാക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി സംസ്ഥാനത്തു നടക്കുന്ന ആദ്യ ആക്‌സിലറേഷൻ പ്രോഗ്രാമാണിത്. ഇൻകുബേഷനുശേഷം സ്റ്റാർട്ടപ്പുകളുടെ വളർച്ചയിലെ രണ്ടാംഘട്ടമെന്നാണ് ആക്‌സിലറേഷനെ വിശേഷിപ്പിക്കുന്നത്. ഉപഭോക്താവിന്റെ താത്പര്യങ്ങൾ കൃത്യമായി മനസിലാക്കിയ ശേഷം ഏറ്റവും അനുയോജ്യമായ ഉത്പന്ന-വിപണി ചേരുവ അവതരിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കും.

മൂന്നുമാസത്തെ കേരള ആക്‌സിലറേറ്റർ പ്രോഗ്രാമിൽ തൽസമയ വെർച്വൽ മെന്ററിങ് സെഷനുകൾക്കൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകളുമായി കൊച്ചിയിലും തിരുവനന്തപുരത്തും മെന്റർമാർ നേരിട്ട് ആശയവിനിമയം നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് ബംഗലുരുവിലും മുംബൈയിലും ഒരാഴ്ചത്തെ റസിഡൻഷ്യൽ പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി അഞ്ചു മുതലാണ് ആക്‌സിലറേറ്റർ പ്രോഗ്രാം നടക്കുക. 12 മുതൽ 16 വരെ ബംഗലൂരു-മുംബൈ റസിഡൻഷ്യൽ പ്രോഗ്രാം നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് യാത്രാ, താമസ സൗകര്യങ്ങൾ സൗജന്യമായിരിക്കും. സ്വന്തം ഉത്പന്നങ്ങൾ വിപണിയിലിറക്കിയിട്ടുള്ള സ്റ്റാർട്ടപ്പുകൾക്ക് പ്രോഗ്രാമിൽ പങ്കെടുക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം (https://startupmission.kerala.gov.in/k-accelerator). ജനുവരി 18 വ്യാഴാഴ്ചയാണ് അപേക്ഷിക്കേണ്ട അവസാനതീയതി. ഒരു ലക്ഷം രൂപയാണ് ഫീസെങ്കിലും കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി സ്റ്റാർട്ടപ്പ് മിഷൻ ഫീസിന്റെ 90 ശതമാനവും സ്‌കോളർഷിപ്പായി നൽകും.