കേരള സ്റ്റാർട്ടപ്പ് മിഷൻ കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് സ്ഥലം നൽകുന്നു

Posted on: December 27, 2017

തിരുവനന്തപുരം : പ്രവർത്തനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന മികച്ച സ്റ്റാർട്ടപ്പുകൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) തിരുവനന്തപുരത്തും കൊച്ചിയിലും കൂടുതൽ സ്ഥലം അനുവദിക്കുന്നു. ഓരോ സ്റ്റാർട്ടപ്പിനും ഏറ്റവും കുറഞ്ഞത് 500 ചതുരശ്ര അടി അല്ലെങ്കിൽ പത്തു സീറ്റിനുള്ള സ്ഥലം എന്ന കണക്കിലായിരിക്കും അലോട്ട്‌മെന്റ്. ഉത്പന്നങ്ങൾ ലക്ഷ്യമിട്ടുള്ള സ്ഥാപനങ്ങൾക്കും കൃത്യമായ വരുമാന മാതൃകയും മതിയായ ഫണ്ടിംഗ് സൗകര്യങ്ങളുള്ള സ്ഥാപനങ്ങൾക്കും മുന്തിയ പരിഗണന നൽകും.

തിരുവനന്തപുരം ടെക്‌നോപാർക്കിലും കൊച്ചി ഇൻഫോപാർക്ക്, കളമശേരി ടെക്‌നോളജി ഇന്നവേഷൻ സോൺ എന്നിവിടങ്ങളിലായി 46,000 ചതുരശ്ര അടിയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. കെഎസ്‌യുഎം ൽ വായ്പയോ മറ്റു ബാധ്യതകളോ ഉള്ള സ്റ്റാർട്ടപ്പുകൾ അപേക്ഷിക്കുന്നതിനുമുമ്പ് ഈ ബാധ്യതകൾ തീർത്തിരിക്കണം.ഒപ്പം കെഎസ്‌യുഎം ൽ രജിസ്റ്റർ ചെയ്യുകയും വേണം.

ടെക്‌നോപാർക്കിലെ ഗായത്രി ബിൽഡിംഗിൽ 25000 ചതുരശ്ര അടി, കൊച്ചി ഇൻഫോപാർക്കിലെ ജ്യോതിർമയയിൽ 15000 ചതുരശ്ര അടി, കളമശേരി ടെക്‌നോളജി ഇന്നവേഷൻ സോണിൽ 6000 ചതുരശ്ര അടിയുമാണ് സ്റ്റാർട്ടപ്പുകൾക്കായി സ്ഥലം നിർണയിച്ചിട്ടുള്ളത്. ഓരോ സൈറ്റിലെയും സ്ഥലവില അടക്കമുള്ള വിവരങ്ങളും അപേക്ഷിക്കേണ്ട രീതിയും startupmission.kerala.gov.in/pages/scaleup എന്ന ലിങ്കിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്.