സ്റ്റാർട്ടപ്പ് മിഷൻ ഐഡിയ ഡേ : നാലു കോടിയുടെ നിക്ഷേപ സാധ്യത

Posted on: December 27, 2017

കൊച്ചി : നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച എട്ടാമത്തെ ഐഡിയ ഡേ യിൽ നാലു കോടി രൂപ വരെയുള്ള നിക്ഷേപ അവസരങ്ങളാണ് സംരംഭകരെ കാത്തിരിക്കുന്നത്. മുന്നൂറ്റി അമ്പതോളം അപേക്ഷകളാണ് ഐഡിയ ഡേയിൽ ലഭിച്ചത്. ഇവയിലെ മികച്ച 49 ആശയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ധനസഹായം ലഭ്യമാക്കും.

മികച്ച ആശയം കൈമുതലായുള്ള സ്റ്റാർട്ടപ്പുകൾ നിക്ഷേപം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യം നിലവിലുണ്ട്. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിനു വേണ്ടിയാണ് ഐഡിയ ഡേ സംഘടിപ്പിച്ചതെന്ന് സ്റ്റാർട്ടപ്പ് മിഷൻ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ പറഞ്ഞു. നിലവിൽ പ്രവർത്തനം നടത്തുന്ന 49 സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുക്കപ്പെട്ട ടീമുകൾ കൊച്ചി ടെക്‌നോളജി ഇന്നൊവേഷൻ സോണിലെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ തങ്ങളുടെ ആശയങ്ങളുടെ അവതരണം നടത്തി. ഹാർഡ്‌വേർ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, എന്റർപ്രൈസസ് റിസോഴ്‌സ് പ്ലാനിംഗ്, ബ്ലോക്ക്‌ചെയിൻ, വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ നിന്നായിരുന്നു ആശയാവതരണം.