ജപ്പാൻ സംഘം മേക്കർ വില്ലേജും കേരള സ്റ്റാർട്ടപ്പ് മിഷനും സന്ദർശിച്ചു

Posted on: December 7, 2017

കൊച്ചി : ജപ്പാനിൽ നിന്നുള്ള ഐടി കമ്പനികളുടെ പ്രതിനിധി സംഘം കളമശേരിയിലെ മേക്കർവില്ലേജ്, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവ സന്ദർശിച്ചു. സ്റ്റാർട്ടപ്പ് മേഖലയിൽ ജപ്പാനും കേരളവും തമ്മിലുള്ള സഹകരണ സാധ്യത സംഘം ചർച്ച ചെയ്തു.

ഇന്ത്യയിലെ ഐടി കമ്പനികളുടെ വിപണിയെക്കുറിച്ച് ഗവേഷണം നടത്താനാണ് ജപ്പാൻ പ്രതിനിധി സംഘം എത്തിയത്. ജപ്പാനിലെ നക്കാവുമി, ഷിൻജികോ, ഡെയ്‌സൺ എന്നീ മേഖലകളിൽ നിന്നാണ് പ്രതിനിധി സംഘം എത്തിയത്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് സംഘം മേക്കർവില്ലേജ് , കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവ സന്ദർശിച്ചത്.

പരിമിതമായ സാഹചര്യത്തിനുള്ളിൽ നിന്നുകൊണ്ട് മികച്ച ഹാർഡ്‌വേർ ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള മേക്കർ വില്ലേജിന്റെ ക്ഷമതയിൽ ജപ്പാൻ സംഘം സന്തുഷ്ടി പ്രകടിപ്പിച്ചു. മികച്ച രീതിയിൽ മുന്നോട്ടു പോയാൽ പല ഉത്പന്നങ്ങളും അന്താരാഷ്ട്ര വിപണിയിൽ ശ്രദ്ധിക്കപ്പെടുമെന്നും സംഘം ചൂണ്ടിക്കാട്ടി.

വിപണിക്കാവശ്യമുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന പരിചയ സമ്പന്നരായ സ്റ്റാർട്ടപ്പ് പ്രതിനിധികളുമായി ജപ്പാൻ സംഘം പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും ക്ഷമത മനസിലാക്കുകയും പര്‌സപര ഗുണത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്നും സംഘം നിർദ്ദേശിച്ചു. വിപണിയിലെ ഗവേഷണത്തിനു ശേഷം ബന്ധപ്പെടുന്നതിനുവേണ്ടി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയ സ്റ്റാർട്ടപ്പുകളുടെ വിശദവിവരം സംഘം വാങ്ങിയിട്ടുണ്ട്.