മേക്കർവില്ലേജിൽ ബ്ലോക്‌ചെയിൻ ഹാക്കത്തോൺ

Posted on: December 2, 2017

കൊച്ചി : ഇതര സംസ്ഥാന കുടിയേറ്റതൊഴിലാളികൾ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മേക്കർവില്ലേജിൽ ബ്ലോക്‌ചെയിൻ ഹാക്കത്തോൺ. മേക്കർവില്ലേജ്, കേരള സ്റ്റാർട്ടപ്പ് മിഷൻ, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ), ചെന്നൈ അമേരിക്കൻ കോൺസുലേറ്റ് എന്നിവ സംയുക്തമായി ഹാക്കത്തോൺ നടത്തുന്നു.

കുടിയേറ്റതൊഴിലാളികളുടെ സമഗ്രമായ വിവരങ്ങൾബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്രോഡീകരിക്കുന്നത്. കംപ്യൂട്ടർ പ്രോഗ്രാമർമാർക്കായുള്ള ഈ മത്സരത്തിന് ബ്ലോക്കത്തോൺഫോർചേഞ്ച് എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബർ 21, 22 തീയതികളിൽ കളമശേരി മേക്കർവില്ലേജിൽ വച്ചാണ് പരിപാടി. മത്സരത്തിൽ ഒന്നാമതെത്തുന്നവർക്ക് ഒന്നേമുക്കാൽ ലക്ഷം രൂപയാണ് സമ്മാനത്തുക.

ഹാക്കത്തോൺ രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ഡിസംബർ ഒൻപതുവരെ സ്വീകരിക്കും. വിശദാംശങ്ങൾ www.blockathonforchange.com എന്നവെബ്‌സൈറ്റിൽ ലഭ്യമാണ്. ബ്ലോക്ക് ചെയിൻസാങ്കേതികവിദ്യയുടെ യഥാർത്ഥ ശേഷി മനസിലാക്കുക എന്നതും ഈ ഉദ്യമത്തിന്റെ ലക്ഷ്യമാണെന്ന് മേക്കർവില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു.