യുവസംരംഭകർക്ക് പുതിയ ഉൾക്കാഴ്ചയുമായി ഡസോൾട്ട് സിസ്റ്റംസ്

Posted on: November 5, 2017

കൊച്ചി : കേരളത്തിലെ സംരംഭകർക്ക് പുതിയ ദിശാബോധവുമായി ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് സിസ്റ്റംസ് കൊച്ചി മേക്കർ വില്ലേജിൽ പ്രദർശനം സംഘടിപ്പിച്ചു. നൂതന ആശയങ്ങൾ കടലാസിൽ നിന്ന് മാതൃകയിലേക്ക് മാറ്റുന്നതാണ് ഏതൊരു സ്റ്റാർട്ടപ്പിന്റെയും വെല്ലുവിളി. അത് പരിഹരിക്കാനുതകുന്ന സാങ്കേതിക വിദ്യയാണ് ഡസോൾട്ട് സിസ്റ്റംസ് പരിചയപ്പെടുത്തിയത്. ഏതു ആശയവും ത്രിഡി വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയിലേക്ക് രൂപമാറ്റം വരുത്തിയാണ ഇത് സാധ്യമാക്കുന്നത്. ഏറ്റവും സൂക്ഷ്മമായ വിവരങ്ങൾ പോലും ഇതിൽ ഉൾപ്പെടുത്താമെന്നതാണ് പ്രത്യേകത.

ഡസോൾട്ട് സിസ്റ്റംസ് ഇന്ത്യയുടെ വിദ്യാഭ്യാസ-വിജ്ഞാന വിഭാഗത്തിന്റെ തലവനായ രാഹുൽ സിംഗ് ഈ സാങ്കേതിക വിദ്യയെക്കുറിച്ച് സംസാരിച്ചു. ബോയിംഗ് ഡ്രീംലൈനർ വിമാനം മുതൽ ഉപഭോക്തൃ ഉത്പന്നങ്ങൾ വരെയുള്ളവയ്ക്ക് ഇതുപയോഗിക്കുന്നുണ്ടെന്ന്് അദേഹം പറഞ്ഞു. ഉത്പന്നമാതൃകകളുടെ വിശകലനം, ഡിസൈൻ, നിർമ്മാണം എന്നിവ സാധ്യമാക്കുന്നതാണ് ഡസോൾട്ട് സിസ്റ്റംസും കാഡ്മാർക്ക് സോഫ്റ്റ്‌വേറും ചേർന്ന് തയാറാക്കിയ കാറ്റിയ സോഫ്റ്റ് വെയർ.

ഉത്പന്നങ്ങളുടെ അതിജീവനം പരിശോധിക്കാൻ സാധിക്കുമെന്നതാണ് ഈ സോഫ്റ്റ്‌വേറിന്റെ ഏറ്റവും വലിയ പ്രയോജനം. ഉദാഹരണത്തിന് ഷാംപൂവിന്റെ കുപ്പിയാണ് ഉത്പന്നമെങ്കിൽ അതിന്റെ അടപ്പ് എത്ര പ്രാവിശ്യം തുറന്നടച്ചാലാണ് കേടുവരുന്നതെന്നത് ഇതിലൂടെ പരിശോധിക്കാം. ഇതേ മാതൃകയിൽ വിമാനം, ബഹിരാകാശ വാഹനങ്ങൾ തുടങ്ങിയ അതിസങ്കീർണ യന്ത്രങ്ങൾ പോലും കാറ്റിയ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പരിശോധന നടത്താവുന്നതാണ്. വിജയകരമായ പരിശോധന പൂർത്തിയാക്കിയാൽ ഒരേയൊരു മാതൃക നിർമ്മിച്ച ശേഷം വാണിജ്യ ഉത്പാദനത്തിലേക്ക് കടക്കാമെന്ന പ്രത്യേകതയും ഉണ്ട്.

നാം ജീവിക്കുന്ന ലോകത്തെ തന്നെ രൂപകൽപന ചെയ്യാൻ കാറ്റിയയ്ക്ക് സാധിക്കുമെന്ന് കാഡ്മാർക്ക് ഫിനാൻഷ്യൽ ഹെഡ് അരുൺ എസ് കുമാർ പറഞ്ഞു. ഇതിലെ പരിശോധനകളുടെ ഫലം തത്സമയം ലഭിക്കുന്നുവെന്നതും പ്രാധാന്യമർഹിക്കുന്നു. ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, റോബോട്ടിക്‌സ്, ഉപഭോക്തൃഇലക്ട്രോണിക്‌സ്, നൂതന സാങ്കേതികമേഖല എന്നിവയ്ക്ക് ഇലക്ട്രോണിക്‌സ് ഭാഗങ്ങൾ നൽകുന്ന കമ്പനിയായ എക്‌സൽപോയിന്റും പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

TAGS: Maker Village |