ഒരേ സമയം ഒന്നിലധികം ജോലി : സ്ത്രീകൾക്ക് മാത്രം സാധ്യമെന്ന് വനിതാ സംരംഭകർ

Posted on: November 5, 2017

കൊച്ചി : ഒരേ സമയം ഒന്നിലധികം ജോലി നന്നായി ചെയ്യുകയെന്നത് സ്ത്രീകൾക്ക് മാത്രം സാധ്യമായ ഒന്നാണെന്ന് സംസ്ഥാനത്തെ മൂന്നു പ്രമുഖ വനിതാ സംരംഭകർ അഭിപ്രായപ്പെട്ടു. ഇതു തന്നെയാണ് തങ്ങളുടെ ശക്തിയും രഹസ്യവുമെന്നും അവർ സാക്ഷ്യപ്പെടുത്തി. കേരള സ്റ്റാർട്ടപ്പ് മിഷൻ കൊച്ചിയിൽ സംഘടിപ്പിച്ച മീറ്റപ്പ് കഫെ എന്ന ആശയ സംവാദത്തിന്റെ നാലാമത് ലക്കത്തിലാണ് കേരളത്തിലെ എണ്ണം പറഞ്ഞ വനിതാ സംരംഭകർ തങ്ങളുടെ മനസ് തുറന്നത്. പല വെല്ലുവിളികളും മറികടന്നാണ് ഈ വനിതകൾ തങ്ങളുടെ മേഖലയിൽ മികവ് തെളിയിച്ചത്.

ഒഇഎൻ ഇന്ത്യ മാനേജിംഗ് എഡിറ്റർ പമേല അന്ന മാത്യൂ, വി സ്റ്റാർ ക്രിയേഷൻസ് സിഎംഡി ഷീല കൊച്ചൗസേപ്പ്, റെസിടെക് ഇലക്ട്രിക്കൽസ് മാനേജിംഗ് പാർട്ണർ ലേഖ ബാലചന്ദ്രൻ എന്നിവരാണ് കളമശേരി മേക്കർ വില്ലേജിൽ (കേരള ടെക്‌നോളജി ഇന്നൊവേഷൻ സോൺ കാമ്പസ്) നടന്ന മീറ്റപ്പ് കഫെയിൽ പങ്കെടുത്തത്.

അൽപം വിഭ്രാന്തി ബാധിച്ചവരാണ് സംരംഭകരെന്ന് പമേല അന്ന മാത്യു പറഞ്ഞു. സമൂഹം എന്തു പറയുന്നു എന്ന് ചിന്തിക്കാതെയാണ് പലരും സംരംഭകരാകുന്നത്. പക്ഷെ നമുക്കു ചുറ്റും എന്താണ് നടക്കുന്നതെന്ന ഉത്തമബോധ്യം എപ്പോഴും ഉണ്ടായിരിക്കണം. മികച്ച ആശയവിനിമയമാണ് മികച്ച ബിസിനസിനുള്ള വഴിയെന്ന് അവർ പറഞ്ഞു. നേതാവാകുന്നതിൽ കുറഞ്ഞ ഒരു സ്വപ്‌നവും ആരും കാണരുതെന്നും അവർ കൂട്ടിച്ചേർത്തു.

ഭർത്താവ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സ്ഥാപിച്ച വി-ഗാർഡ് ൽ നിന്ന് ഏറെ വ്യത്യസ്തമായ ഒന്നാണ് താൻ തെരഞ്ഞടുത്തതെന്ന് ഷീല കൊച്ചൗസേപ്പ് പറഞ്ഞു. തന്റെ താത്പര്യം എൻജിനീയറിംഗിലായിരുന്നുവെന്ന് അവർ പറഞ്ഞു. ആദ്യ കാലങ്ങളിൽ വി-ഗാർഡിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് ഫാഷൻ വസ്ത്ര നിർമ്മാണ രംഗത്തേക്ക് കടക്കുകയായിരുന്നു. അങ്ങിനെയാണ് വി സ്റ്റാറിന്റെ പിറവി. തുടക്കത്തിൽ തടസങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്ന് മുന്നേറാനായി എന്നും അവർ പറഞ്ഞു. കീഴ്ജീവനക്കാരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും ശ്രദ്ധിക്കണം എന്നതാണ് നേതാവിന്റെ ഗുണമെന്ന് അവർ പറഞ്ഞു. പക്ഷെ ഈ നിർദ്ദേശങ്ങൾ സ്വന്തം തീരുമാനങ്ങളെ അന്ധമായി സ്വാധീനിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഉപദേശവും അവർ നൽകി.

സംസ്ഥാന സർക്കാർ വ്യവസായ സൗഹൃദമായി നയം മാറ്റിയത് മികച്ച തീരുമാനമാണെന്ന് ലേഖ ബാലചന്ദ്രൻ പറഞ്ഞു. ചുവപ്പുനാടയിൽ നിന്ന് ചുവപ്പു പരവതാനിയെന്നതാണ് സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയമെന്ന് അവർ പറഞ്ഞു. ഏകജാലക സംവിധാനം കൊണ്ടുവരുന്നത് ഗുണപരമായ തീരുമാനമാണ്. 30 വർഷങ്ങൾക്ക് മുമ്പ് അസംഖ്യം വെല്ലുവിളികളും തടസ്സങ്ങളും മറികടന്നാണ് തങ്ങൾ ഈ നിലയിലെത്തിയതെന്നും അവർ ഓർമ്മിച്ചു. മറ്റുള്ളവർക്ക് സാധിക്കുമെങ്കിൽ പിന്നെ എന്തുകൊണ്ട് തനിക്കായിക്കൂടാ എന്ന ചിന്തയാണ് മുന്നോട്ടു നയിച്ചതെന്നും ലേഖ പറഞ്ഞു. മേക്കർ വില്ലേജ് സിഇഒ പ്രസാദ് ബാലചന്ദ്രൻ നന്ദി പറഞ്ഞു.

TAGS: Maker Village |