ഇൻടോട്ട് ടെക്‌നോളജീസിന് സിഐഐ ദേശീയ പുരസ്‌കാരം

Posted on: October 26, 2017

തിരുവനന്തപുരം : ഇന്ത്യയിൽ ഭാവി സാധ്യതയുള്ള പത്ത് മികച്ച സ്റ്റാർട്ടപ്പുകളിലൊന്നായി സിഐഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ) കൊച്ചി ഇൻഫോപാർക്കിലെ ഇൻടോട്ട് ടെക്‌നോളജീസിനെ തെരഞ്ഞെടുത്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ വികസിപ്പിച്ചെടുത്ത മാധ്യമ-വിനോദ സ്റ്റാർട്ടപ്പായ ഇൻടോട്ടിന് സിഐഐയുടെ ഇൻഡസ്ട്രിയൽ ഇന്നവേഷൻ അവാർഡുകളുടെ ഭാഗമായാണ് പുരസ്‌കാരം ലഭിച്ചത്. കൂടാതെ, സേവന രംഗത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പിനുള്ള സിഐഐ ഇൻഡസ്ട്രിയൽ ഇന്നവേഷൻ പുരസ്‌കാരവും ഇൻടോട്ടിന് ലഭിച്ചു.

കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, ഓട്ടോമോട്ടീവ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, മൊബൈൽ തുടങ്ങിയ മേഖലകളിൽ സോഫ്റ്റ്‌വെയർ ഉത്പ്പന്നങ്ങൾ പ്രദാനം ചെയ്യുന്നതിനായുള്ള സേവനമാണ് ഇൻടോട്ട് നൽകിവരുന്നത്. ഐടി രംഗത്ത് പരിചയസമ്പന്നരായ രാജിത് നായർ (സിഇഒ), പ്രശാന്ത് തങ്കപ്പൻ (സിടിഒ) എന്നിവർ ചേർന്ന് സ്ഥാപിച്ചതാണ് ഇൻടോട്ട്. ജപ്പാനിൽ നടന്ന ഇരുപത്താറാമത് ഐടി വീക്കിലും ഇൻടോട്ട് പങ്കെടുത്തിരുന്നു.

ചെലവു കുറഞ്ഞ ഡിജിറ്റൽ റേഡിയോ സൊല്യൂഷനുകൾ ആണ് ഇൻടോട്ടിന്റെ പ്രധാന ഉത്പന്നം. 2014 ഫെബ്രുവരിയിൽ കാക്കനാട് ആരംഭിച്ച സ്ഥാപനം 2017 ജനുവരിയിൽ ഇൻഫോപാർക്കിലേക്ക് മാറുകയായിരുന്നു. വിപ്രോയിൽ ഏഴു വർഷം കൺസ്യൂമർ ഇലക്‌ട്രോണിക്, ഓഡിയോ വിഷ്വൽ ഐടി സൊല്യൂഷനുകളിൽ രാജിത്തും പ്രശാന്തും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.