ഡിജിറ്റൽ ഫാബ്രിക്കേഷൻ: ശിൽപശാലാ പരമ്പരയുമായി ഫാബ് ലാബ്

Posted on: October 24, 2017

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാബ് ലാബ് ഡിജിറ്റൽ ഫാബ്രിക്കേഷനു പ്രചാരം നൽകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും ശിൽപശാലകൾ സംഘടിപ്പിക്കുന്നു. ഡിജിറ്റൽ ഫാബ്രിക്കേഷന്റെ പരിധിയിൽ വരുന്ന എല്ലാ സാധ്യതകളെയും സംബന്ധിച്ച് സമഗ്രമായ അറിവും പരിശീലനവും നൽകാൻ ലക്ഷ്യമിട്ടാണ് ശിൽപശാലാ പരമ്പര.

ഒക്‌ടോബർ 28 മുതൽ ഡിസംബർ നാലുവരെയുള്ള ആറു ശനിയാഴ്ചകളിലായി ക്രമീകരിച്ചിരിക്കുന്ന ശിൽപശാലകൾക്ക് തിരുവനന്തപുരത്ത് ടെക്‌നോപാർക്കിലെ ഐഐഐടിഎം-കെ കാമ്പസിലും കൊച്ചിയിൽ കളമശേരി കേരള ടെക്‌നോളജി ഇന്നവേഷൻ സോണിലും പ്രവർത്തിക്കുന്ന ഫാബ് ലാബുകളാണ് വേദികൾ.

ഡിജിറ്റൽ ഫാബ്രിക്കേഷൻ മാതൃകകളായ 3-ഡി പ്രിന്റിംഗ്്, ലേസർ കട്ടിംഗ്, സ്‌ക്രീൻ പ്രിന്റിംഗ്്, കസ്റ്റം പ്രിന്റഡ് സർക്യൂട്ട് ബോർഡുകളുടെ രൂപകല്പന, ഫാബ്രിക്കേറ്റിംഗ്, സിഎൻസി മില്ലിങ് എന്നിവയിലാണ് പരിശീലനം നൽകുക. രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ രണ്ടിടങ്ങളിലായി നടക്കുന്ന ശിൽപശാലകളിൽ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങൾ സമാനമായിരിക്കും.

രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും www.fablabkerala.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. രണ്ടു ശിൽപശാലകളും ഡിസംബർ 23നു നടക്കുന്ന പ്രോഡക്ട് ഡിസൈൻ പരിശീലനത്തോടെയാണ് സമാപിക്കും.