കേരള സ്റ്റാർട്ടപ് മിഷനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും സഹകരിക്കുന്നു

Posted on: September 30, 2017

തിരുവനന്തപുരം : സ്റ്റാർട്ടപ്പ് ഇന്നവേഷൻ ഡേ എന്ന സംരംഭത്തിലൂടെ കേരള സ്റ്റാർട്ടപ് മിഷൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിക്കുന്നു. സ്റ്റാർട്ടപ്പുകൾക്ക് പുത്തൻ അവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ സ്റ്റാർട്ടപ്പുകൾക്ക് മഹീന്ദ്ര നേതൃസംഘത്തിനുമുന്നിൽ തങ്ങളുടെ പദ്ധതികൾ അവതരിപ്പിക്കാനാകും.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിക്കുന്നതിലൂടെ സ്വയം അംഗീകരിക്കപ്പെടാനും മാർഗനിർദേശം ലഭിക്കാനുമുള്ള മികച്ച അവസരമാണ് സ്റ്റാർട്ടപ്പുകൾക്കുണ്ടാവുകയെന്ന് കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. കൃഷി മുതൽ പ്രതിരോധം വരെയുള്ള മേഖലകളിലെ മഹീന്ദ്രയുടെ വൈദഗ്ധ്യം സ്റ്റാർട്ടപ്പുകൾക്ക് ആശയങ്ങൾ വികസിപ്പിച്ചെടുക്കാനും വിപണി കണ്ടെത്തുന്നതിനും സഹായകമാകുമെന്നും ഡോ. സജി ഗോപിനാഥ് കൂട്ടിച്ചേർത്തു.

മഹീന്ദ്രയിലേക്ക് സംരംഭകത്വം കൊണ്ടുവരുന്നതിനുള്ള ഒരു പരിശീലനമായാണ് സ്റ്റാർട്ടപ്പ് ഇന്നവേഷൻ ദിനത്തെ കരുതുന്നതെന്ന് മഹീന്ദ്ര സിഐഒ പാർത്ഥസാരഥി പറഞ്ഞു. മഹീന്ദ്ര ഗ്രൂപ്പ് ഓഫ് കമ്പനീസുമായി സഹകരിക്കാൻ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളെ കണ്ടെത്തുക എന്നതാവും പ്രാഥമിക പരിഗണന. ആദ്യഘട്ടം എന്ന നിലയിൽ ഈ സ്റ്റാർട്ടപ്പുകൾക്ക് നിർവഹിക്കാനായി പ്രൂഫ് ഓഫ് കൺസെപ്റ്റുകൾ (പിഒസി) നൽകും. ഇവ വിജയകരമായി നിർവഹിക്കുന്ന കമ്പനികളുമായി പിന്നീട് കൂടിയ അളവിൽ സഹകരിക്കും.

വിവിധ വിഭാഗങ്ങളിലെ സ്റ്റാർട്ടപ്പുകൾക്ക് ഒക്‌ടോബർ 5 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകളെ മഹീന്ദ്ര നേതൃസംഘത്തിനുമുന്നിൽ പദ്ധതി അവതരണത്തിനായി ക്ഷണിക്കും. http://tiny.cc/innovationday2017 എന്ന വെബ്‌പേജിലൂടെ അപേക്ഷ നൽകാം.