നിലവാരമില്ലാത്ത ഇന്ധനം വാഹനങ്ങൾക്ക് ദോഷകരം : കുരുവിള ജോസ്

Posted on: September 23, 2017

തിരുവനന്തപുരം : ഇന്ത്യയിൽ നിലവാരമില്ലാത്ത ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങൾക്ക് ദോഷകരമാണെന്ന് ടാറ്റ എലക്‌സി പവർട്രെയിൻ കൺട്രോൾ ഗ്രൂപ്പ് മേധാവി കുരുവിള ജോസ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ വായുമലിനീകരണനിയന്ത്രണ മാനദണ്ഡങ്ങൾ തങ്ങളുടെ മേഖലയിൽ വെല്ലുവിളിയാകുകയാണെന്ന് ഇലക്‌ട്രോണിക്, പവർട്രെയിൻ സാങ്കേതികവിദ്യ വിദഗ്ധനായ അദേഹം പറഞ്ഞു.

കേരള സ്റ്റാർട്ടപ്പ് മിഷനു (കെഎസ്‌യുഎം) കീഴിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചർ ടെക്‌നോളജീസ് ലാബ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് എൻജിനീയേഴ്‌സിന്റെ (ഐഇഇഇ) റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ സൊസൈറ്റിയുമായി ചേർന്ന് സംഘടിപ്പിച്ച പ്രഭാഷണപരമ്പരയിൽ പങ്കെടുക്കുകയായിരുന്നു അദേഹം. ലെറ്റ്‌സ് ടോക്ക് എന്ന പേരിൽ ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് കെഎസ് യുഎം നടത്തുന്ന പരമ്പരയിലെ ആദ്യ പ്രഭാഷണമായിരുന്നു ഇത്.

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളിലും വിദേശ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാറുകളിലുമാണ് ഇവിടത്തെ ഇന്ധനം കൂടുതൽ ദോഷമുണ്ടാക്കുന്നതെന്ന് അദേഹം ചൂണ്ടിക്കാട്ടി. വിദേശത്ത് ഉപയോഗിക്കുന്ന ഇന്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ ഇന്ധനത്തിൽ സൾഫർ അല്ലെങ്കിൽ ഗന്ധകം കൂടുതലാണ്. വാഹനത്തിൽനിന്ന് പുറന്തള്ളുന്ന പുക ശുദ്ധീകരിക്കാനുപയോഗിക്കുന്ന വില കൂടിയ പ്ലാറ്റിനം-സിർക്കോണിയം ഉത്‌പ്രേരകത്തിന് (കാറ്റലിറ്റിക് കൺവേർട്ടർ) ഗന്ധകം ദോഷകരമാണ്. യൂറോപ്യൻ രാജ്യങ്ങളിലും മറ്റും യൂറോ-സിക്‌സ് നിബന്ധനയനുസരിച്ച് സൾഫർ തീരെയില്ലാത്ത ഇന്ധനം ലഭ്യമാണ്.

വിദേശവിപണിക്കായി നിർമിച്ച വാഹനമാണ് ഇറക്കുമതിചെയ്ത് ഇന്ത്യയിൽ ഉപയോഗിക്കുന്നതെങ്കിൽ, ഭാരത് സ്‌റ്റേജ് ഫോർ ഇന്ധനത്തിൽ അടങ്ങിയിരിക്കുന്ന സൾഫർ വാഹനത്തിന്റെ ഉത്‌പ്രേരകത്തിന് കേടുണ്ടാക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ചൈനയിലും ഇതേ പ്രശ്‌നമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്‌പ്രേരകം നിരന്തരം മാറ്റേണ്ട അവസ്ഥയിലാണ് ഇത് വാഹനത്തെ കൊണ്ടുചെന്നെത്തിക്കുന്നത്. എന്നാൽ ഇറക്കുമതി ചെയ്ത ആഡംബരവാഹനങ്ങൾ ഉപയോഗിക്കുന്നത് ധനികരായതുകൊണ്ട് ഇത് അവരെ അധികം ബുദ്ധിമുട്ടിക്കാറില്ലെന്ന് മാത്രം- അദ്ദേഹം പറഞ്ഞു.

വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണത്തിന് ശാശ്വത പരിഹാരം വൈദ്യുത വാഹനങ്ങൾ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ബാറ്ററിയുടെ കൂടി സഹായത്തോടെ പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ വികസിപ്പിച്ചുകഴിഞ്ഞു. പെട്രോളിയം ഇന്ധനം ഉപയോഗിക്കുന്ന എൻജിനുകളിൽ നിന്ന് കാർബൺ ഡയോക്‌സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാനാവാത്തതിനാൽ കാലക്രമേണ ഹൈബ്രിഡ് വാഹനങ്ങൾ പോലും പൂർണമായും ഇലക്ട്രിക് വാഹനങ്ങളായി മാറും. 2030ഓടെ പ്രമുഖ കാർ നിർമാതാക്കളെല്ലാം ഇലക്ട്രിക് വാഹനശ്രേണി പുറത്തിറക്കും എന്നും അദേഹം കൂട്ടിച്ചേർത്തു.

ടെക്‌നോപാർക്കിലെ കെഎസ്‌യുഎമ്മിന്റെ മീറ്റപ്പ് കഫേയിൽ എല്ലാ മാസവും മൂന്നാമത്തെ വ്യാഴാഴ്ച്ച ആധുനിക സാങ്കേതിക വിദഗ്ധർ നയിക്കുന്ന ലെറ്റ്‌സ് ടോക്ക് പ്രഭാഷണമുണ്ടായിരിക്കും.