യുവ സംരംഭകർക്ക് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി

Posted on: August 19, 2017

കൊച്ചി : യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ യുവതയുടെ കർമശേഷിയ്ക്ക് അതിരില്ലെന്ന് തെളിയിക്കുന്നതാണ് സ്റ്റാർട്ടപ്പുകളുടെ വളർച്ച. എല്ലാ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഐഇഡിസി 2017 സ്റ്റാർട്ടപ്പ് ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.

ആംബുലൻസുകൾക്ക് ട്രാഫിക് സിഗ്നലുകളിൽ ഓട്ടോമാറ്റിക്കായി പച്ച ലൈറ്റ് തെളിയിക്കുന്ന ആപ്ലിക്കേഷൻ പോലീസിനു നൽകുന്ന ചടങ്ങും അദ്ദേഹം നിർവഹിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി ദിനേശും ചടങ്ങിൽ സംബന്ധിച്ചു.

ഇന്ത്യയിൽ ഇതുവരെ കണ്ടതിൽവച്ചേറ്റവും ഊർജസ്വലമായ സ്റ്റാർട്ടപ്പ് മാതൃകയാണ് കേരളത്തിൽ കാണുന്നതെന്നും ഇത് രാജ്യമാകെ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദർരാജ് പറഞ്ഞു. 2020 ആകുമ്പോഴേയ്ക്കും ഒരു പുതിയ ഇന്ത്യയും കേരളവുമാണ് ഇവിടെ കാണേണ്ടത്. നിങ്ങൾ എന്താണ് ഇനി ചെയ്യാൻ പോകുന്നതെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. സംസ്ഥാന സർക്കാരും കെഎസ്‌യുഎമ്മും ഇക്കാര്യത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് അരുണ സുന്ദർരാജ് ചൂണ്ടിക്കാട്ടി.

സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കർ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ സജി ഗോപിനാഥ്, കേരളസാങ്കേതിക സർവകലാശാല വൈസ്ചാൻസിലർ ഡോ കുഞ്ചറിയാ പി ഐസക്, ഗൂഗിൾ ഇന്ത്യയുടെ സിഇഒ രാജൻ ആനന്ദ് തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുത്തു.