യാത്രാസുരക്ഷ ഉറപ്പാക്കാൻ സേഫ് ഡ്രൈവ്

Posted on: August 18, 2017

തിരുവനന്തപുരം : വാഹനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും അപകടഘട്ടങ്ങളിൽ അടിയന്തരമായി സഹായമെത്തിക്കാനും സഹായിക്കുന്ന സേഫ് ഡ്രൈവ് എന്ന മുന്നറിയിപ്പ് ഉപകരണം ടെക്‌നോപാർക്ക് കമ്പനിയായ എൽസിസ് പുറത്തിറക്കി.

ക്രാഷ് സെൻസറുകളും ജിപിഎസ് മൊഡ്യൂളും മൈക്രോഫോണും സ്പീക്കറും മൊബൈൽ കണക്ഷനുമടങ്ങുന്ന ഈ ഉപകരണത്തിലൂടെ അടിയന്തര സഹായത്തിനുള്ള ഇകാൾ (ഇൻ-വെഹിക്കിൾ എമർജൻസി കാൾ) സന്ദേശം നൽകാനാവും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് തങ്ങളെ ആരെങ്കിലും പിന്തുടരുകയാണെന്ന് തോന്നുകയാണെങ്കിൽ സുരക്ഷാ ഏജൻസികളെ വിവരമറിയിക്കാനാവും. വാഹനത്തിന് അപകടം സംഭവിക്കുകയാണെങ്കിൽ യാത്രക്കാർക്ക് പ്രതികരിക്കാൻ സാധിച്ചില്ലെങ്കിലും അറിയിപ്പ് സംവിധാനം പ്രവർത്തിക്കും. സംഭവസ്ഥലത്തിന്റെ കൃത്യമായ വിവരങ്ങളും വാഹനത്തിന്റെ വേഗതയും അടക്കമുള്ള ഏറ്റവും ചുരുങ്ങിയ വിവരങ്ങൾ ഈ സന്ദേശങ്ങളിലൂടെ നൽകുന്നു. ഇതിലൂടെ എമർജൻസി സെന്ററിന് സാഹചര്യം വിലയിരുത്താനും സന്ദേശം നൽകിയവരുമായി ബന്ധപ്പെട്ടവരെ വിവരമറിയിക്കാനും അടിയന്തര സഹായം ക്രമീകരിക്കാനും സാധിക്കും.

വൺ ടച്ച് അസിസ്റ്റൻസ് ബട്ടൻ, ഹാൻഡ് ഫ്രീ ടു വേ കോളിംഗ്, തത്സമയ വാഹന ട്രാക്കിംഗ്, യാത്ര ചരിത്രം, സ്മാർട്ട് അലർട്ടുകൾ, റോഡ്‌സൈഡ് അസിസ്റ്റൻസ്, ഡ്രൈവിംഗ് അനാലിസിസ്, സ്‌കോർ തുടങ്ങിയ സംവിധാനങ്ങളും ഉപകരണത്തിൽ ഉണ്ട്. ഇന്ത്യയിലെ ഏതു കാറിലും എളുപ്പം ഘടിപ്പിക്കാവുന്ന ഉപകരണം എൽസിസ് ഇന്റലിജന്റ് ഡിവൈസസ് ആണ് നിർമിച്ചത്.

ഈ വർഷം ആദ്യപകുതിയിൽ കേരളത്തിൽ റോഡപകടങ്ങളിൽ 2000 ജീവനുകളാണ് അപഹരിക്കപ്പെട്ടതെന്ന് വാഹനസുരക്ഷാ സംവിധാനങ്ങൾക്ക് വൻപ്രാധാന്യമുണ്ടെന്നും സേഫ്‌ഡ്രൈവ് പുറത്തിറക്കിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ പറഞ്ഞു. ട്രാഫിക് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുന്നതിൽ കേരള പൊലീസ് തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും അപകടങ്ങൾ ഒഴിവാക്കാൻ നമുക്ക് കൂട്ടായ ഉത്തരവാദിത്തം ഉണ്ടെന്ന് സമൂഹം മനസിലാക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഉത്പന്നം മോഹൻദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ജി. മോഹൻദാസിന് ലോകനാഥ് ബെഹ്‌റ കൈമാറി.

വാഹനവ്യവസായം ആകെത്തന്നെ സെൽഫ് ഡ്രൈവിങ്ങും കണക്റ്റിവിറ്റി ഉള്ളതുമായ കാറുകളിലേക്ക് നീങ്ങുമ്പോൾ നിലവിലെയും ഭാവിയിലെയും കാറുകൾക്ക് ഉപയോഗിക്കാവുന്ന എമർജൻസി അവശ്യ സർവീസുകൾ നൽകുന്ന ശൃംഖലയാണ് എൽസിസ് നിർമ്മിക്കുന്നതെന്ന് എൽസിസ് സഹസ്ഥാപകനും സിഇഒയുമായ പ്രസാദ് പിള്ള പറഞ്ഞു. നിലവിൽ ഇന്ത്യയിലുടനീളമുള്ള 3500 റോഡ് എമർജൻസി സർവീസ് പ്രൊവൈഡർമാരുടെ ശൃംഖല കൂട്ടിച്ചേർത്തു കഴിഞ്ഞുവെന്നും പ്രസാദ് പറഞ്ഞു.