ഐഇഡിസി 2017 : വിദ്യാർഥി സംരംഭക ഉച്ചകോടി കൊച്ചിയിൽ

Posted on: August 7, 2017

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ മൂവായിരത്തോളം വിദ്യാർഥി സംരംഭകരെ പങ്കെടുപ്പിക്കുന്ന ഉച്ചകോടി ഓഗസ്റ്റ് 19 ന് കൊച്ചിയിൽ സംഘടിപ്പിക്കുന്നു. സംഘടിപ്പിക്കുന്ന ഐഇഡിസി 2017 എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഈ വിദ്യാർഥി സംരംഭക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകും.

അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലെ സമ്മേളനത്തിൽ വിദ്യാർഥികളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി എൻജിനീയറിംഗ്, ടെക്‌നിക്കൽ, മാനേജ്‌മെന്റ്, ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ പ്രവർത്തിക്കുന്ന ചെറിയ ഇൻക്യുബേറ്ററുകളായ ഇന്നവേഷൻ ഓൻട്രപ്രനർഷിപ് ഡെവലപ്‌മെന്റ് സെന്ററുകളെ (ഐഇഡിസി) ഒരുമിച്ചുകൊണ്ടുവരും. വളർന്നുവരുന്ന വിദ്യാർഥി സംരംഭകർക്ക് പഠിക്കാനും അറിവുകൾ പങ്കുവയ്ക്കാനും സാങ്കേതികവിദഗ്ധരുമായും നയകർത്താക്കളുമായും ഇടപെടാനും ഐഇഡിസി 2017 അവസരമൊരുക്കും.

ഐടി സെക്രട്ടറി എം. ശിവശങ്കർ, ഗൂഗിൾ ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജൻ ആനന്ദൻ, കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ്, ഐസിഫോസ്സ് ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ്, പ്രമുഖ നിക്ഷേപകൻ നാഗരാജ പ്രകാശം, ഡെന്റ്‌കെയർ ഡെന്റൽ ലാബ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജോൺ കുര്യാക്കോസ് ഉൾപ്പെടെയുള്ള സാങ്കേതികരംഗത്തെ പ്രമുഖർ പരിപാടിയിൽ സംസാരിക്കും.

സംസ്ഥാനവ്യാപകമായി 193 ഐഇഡിസികൾ കെഎസ്‌യുഎം സഹായത്തോടെ പ്രവർത്തിക്കുന്നുണ്ട്. ഇവയിലൂടെ കേരളത്തിൽ ഇരുനൂറോളം സ്റ്റാർട്ടപ്പുകളെ സൃഷ്ടിക്കാൻ സാധിച്ചതായി ഡോ. സജി ഗോപിനാഥ് പറഞ്ഞു. സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ കാമ്പസുകളിലെ ഇതു സംബന്ധിച്ച മനോഭാവത്തിൽ മാറ്റംവരുത്താനും വിദ്യാർഥികളുടെ കഴിവുകൾ വർദ്ധിപ്പിക്കാനും സാങ്കേതിക, നേതൃത്വ, വ്യവസായ മാതൃക ശിൽപ്പശാലകൾ നടത്തിയാണ് ഇത് സാധിച്ചത്. ഈ ശ്രമങ്ങളെ വിപുലീകരിക്കാനും ശാക്തീകരിക്കാനും സമ്മേളനം സഹായകരമാകുമെന്നും അദേഹം പറഞ്ഞു.

സാമൂഹിക സംരംഭകത്വം സംബന്ധിച്ച മുഖ്യപ്രഭാഷണം, പാനൽ ചർച്ചകൾ, ദ്രുത പ്രഭാഷണങ്ങൾ, ഉന്നതതല ചർച്ചകൾ, വ്യവസായ മാതൃക, രൂപകൽപ്പന തുടങ്ങിയവയിൽ സമാന്തര സെഷനുകൾ എന്നിവ സമ്മേളനത്തിൽ ഉണ്ടായിരിക്കും. റോബോവാർസ്, വട്ടമേശ ചർച്ചകൾ, വിആർ/എആർ ഗെയിമിംഗ്, ഭാവിയിലെ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള സെഷനുകൾ, സ്റ്റാർട്ടപ്പ് എക്‌സ്‌പോ, ഇൻകുബേറ്റർ എക്‌സ്‌പോ തുടങ്ങിയ സമാന്തര പരിപാടികൾ അടങ്ങിയ പ്രോജക്റ്റ് എക്‌സ്‌പോയിൽ അമ്പതോളം പ്രോട്ടോടൈപ്പുകൾ അനാവരണം ചെയ്യും. സ്റ്റാർട്ടപ്പ് മെന്ററിംഗ്-ആശയ വിപണന സെഷനുകളും ഉണ്ടായിരിക്കും. കമ്പനികൾക്കും സമ്മേളനത്തിൽ പങ്കെടുക്കാം. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും www.iedcsummit.startupmission.in.