വാഹന മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് വേദിയൊരുക്കി മേക്കർ വില്ലേജ്

Posted on: June 29, 2017

കൊച്ചി : വാഹനമേഖലയിലെ സ്റ്റാർട്ടപ്പുകളുടെ സാധ്യതകളെക്കുറിച്ച് സമഗ്രമായി പരിശോധിക്കുന്ന ഇഗ്നൈറ്റിങ് ഓട്ടോമോട്ടീവ് സ്റ്റാർട്ടപ്‌സ് മീറ്റ്-അപ് സമ്മേളനം ജൂലായ് എട്ടിന് കിൻഫ്ര ഹൈടെക് പാർക്കിൽ നടക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ, ഓട്ടോ നെബുല എന്നിവയുമായി സഹകരിച്ച് മേക്കർ വില്ലേജാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സ്മാർട്ട് ഗതാഗതം, ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) എന്നിവയിലൂടെ വാഹനങ്ങളെ ബന്ധിപ്പിച്ച് യാത്രകളുടെ ഭാവി നിർണയിക്കുന്ന കാലമാണ് വരുന്നതെന്ന് മേക്കർ വില്ലേജ് ഓപ്പറേഷൻസ് ഡയറക്ടർ രോഹൻ കലാനി പറഞ്ഞു. ഗതാഗത സംബന്ധിയായ എന്തെങ്കിലും മികച്ച ആശയങ്ങളുള്ളവർക്കും സ്മാർട്ട് കാറുകൾക്കായുള്ള ഉപകരണങ്ങൾ, വാഹനങ്ങൾക്കുള്ള ഐഒടി പരിപാടികൾ എന്നിവയിൽ താത്പര്യമുള്ളവർക്കും ഈ സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് അദേഹം അറിയിച്ചു.

വാഹനമേഖലയിലെ എല്ലാ സംരംഭകരും സമ്മേളനത്തിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും രോഹൻ കൂട്ടിച്ചേർത്തു. താത്പര്യമുള്ളവർക്ക് ആശയവും മാതൃകകളും psegal@autonebula.com എന്ന വിലാസത്തിൽ പങ്കുവയ്ക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മേക്കർ വില്ലേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

വാഹനമേഖലയിലെ സ്റ്റാർട്ടപ്പുകളെയും മികച്ച ആശയങ്ങളെയയും പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് രോഹൻ പറഞ്ഞു. ആദ്യ പരിശോധനയ്ക്ക് ശേഷം കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾക്ക് ഇൻക്യുബേഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മേക്കർവില്ലേജും കേരള സ്റ്റാർട്ടപ്പ് മിഷനും നൽകും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വൈദ്യുതി അടക്കമുള്ള ഇതര ഇന്ധന ഉപയോഗ ആശയങ്ങൾ, അപകടസാധ്യതകൾ മുമ്പെ അറിയൽ, വാഹന സുരക്ഷ, വിനോദോപാധികൾ, തകരാർ നിർണയം, വാഹന വിന്യാസം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.

TAGS: Maker Village |