ഇന്ത്യൻ സ്റ്റാർട്ടപ്പ് സംഘത്തിന് ഫേസ് ബുക്കിന്റെ ആതിഥ്യം

Posted on: June 29, 2017

കൊച്ചി : ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽനിന്നായുള്ള 31 വിദ്യാർഥി സ്റ്റാർട്ടപ്പ് സംരംഭകർ സിലിക്കൺ വാലിയിൽ ഒരാഴ്ച്ച സന്ദർശനം നടത്തി. സ്റ്റാർട്ടപ്പ് വില്ലേജ് കളക്റ്റീവ് (എസ്‌വി.കോ) ഫെയ്‌സബുക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്റ്റാർട്ട് ഇൻ കോളജ് (#StartInCollege) പദ്ധതിയുടെ ഭാഗമായാണ് സന്ദർശനം.

എസ്‌വി.കോയുടെ ഡിജിറ്റൽ പഠന പ്ലാറ്റ്‌ഫോമിൽ ചേർന്നശേഷം സ്റ്റാർട്ടപ്പ് ഉത്പന്നങ്ങൾ വികസിപ്പിച്ചെടുത്ത വിവിധ എൻജിനീയറിംഗ് കോളജുകളിലെ വിദ്യാർഥികൾ സന്ദർശത്തിനിടെ തങ്ങളുടെ പ്രോട്ടോടൈപ്പുകൾ പ്രദർശിപ്പിച്ചു. ഉത്പന്ന വികസനം, വിവിധ കഴിവുകൾ തുടങ്ങിയവ പഠിക്കുകയും സിലിക്കൺ വാലിയിലെ ആഗോള നിലവാരത്തിലെ സ്റ്റാർട്ടപ്പ് പരിസ്ഥിതിയുമായി പരിചയപ്പെടാനും സാധിച്ചു.

ആദ്യമായി സ്റ്റാർട്ടപ്പ് സംരംഭകരാകുന്ന വിദ്യാർഥികൾക്കായുള്ള എസ്‌വി.കോയുടെ സ്റ്റാർട്ടപ്പ് പദ്ധതിക്ക് വിദ്യാർഥികളുടെ അതത് സംസ്ഥാനങ്ങളുടെ പിന്തുണയും ഉണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, ഇന്ത്യയിലെ അമേരിക്കൻ എംബസി എന്നിവയുടെ പിന്തുണയോടുകൂടിയാണ് പദ്ധതി. പേടിഎം, ഫ്രഷ്‌വർക്ക്‌സ് എന്നീ സ്റ്റാർട്ടപ്പ് വ്യവസായ സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പും മാർഗനിർദേശവും നൽകുന്നുണ്ട്.

മെൻലോ കോളജിലാണ് വിദ്യാർഥികൾക്ക് താമസം ഒരുക്കിയിരുന്നത്. സംഘം മെൻലോ പാർക്കിലെ ഫേസ് ബുക്ക് ആസ്ഥാനം സന്ദർശിച്ചു. അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും സോഷ്യൽ മീഡിയ രംഗത്തെ അതികായരായ ഫേസ് ബുക്കിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടാനും അവസരമുണ്ടായിരുന്നു.

ഒരാഴ്ച്ചയ്ക്കിടെ വിദ്യാർഥികൾ ഗൂഗിൾ, ഇന്റൽ, സിലിക്കൺ വാലി ബാങ്ക്, ഫ്രെഷ്‌വർക്ക്‌സ്, സെൻഡസ്‌ക്, ബൂട്ടപ്പ് വെഞ്ചേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഫിസുകൾ സന്ദർശിക്കുകയും നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി, ഗൂഗിൾ ലോഞ്ച്പാഡ് എന്നിവിടങ്ങളിൽ സ്റ്റാർട്ടപ്പ് ശിൽപ്പശാലകളിൽ പങ്കെടുത്തു. പ്രമുഖ സംരംഭകനും വെഞ്ചർ കാപ്പിറ്റലിസ്റ്റുമായ രാജീവ് മാധവൻ കോടികൾ വിലമതിക്കുന്ന രണ്ട് ടെക്‌നോളജി ഗ്രൂപ്പുകൾ നിർമിക്കുന്നതിൽ തനിക്ക് ലഭിച്ച ഉൾക്കാഴ്ച്ചകൾ വിദ്യാർഥികളുമായി പങ്കുവച്ചു.

ഇന്ത്യയിൽ ലോകനിലവാരത്തിലുള്ള സ്റ്റാർട്ടപ്പ് പരിസ്ഥിതി സൃഷ്ടിക്കുന്നതിൽ വിദ്യാർത്ഥി സമൂഹത്തിനു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നാണ് ഫേസ് ബുക്കിൽ പ്രവർത്തിക്കുന്നവരുടെ വിശ്വാസമെന്ന് ഫേസ് ബുക്ക് ഇന്ത്യ പ്ലാറ്റ്‌ഫോം പാർട്ണർഷിപ്പിലെ സത്യജിത് സിംഗ് അഭിപ്രായപ്പെട്ടു. കാമ്പസുകളിൽ അർത്ഥവത്തായ പദ്ധതികൾ ആരംഭിക്കാൻ കഴിയുംവിധം വിദ്യാർത്ഥികളിൽ ലക്ഷ്യബോധമുണ്ടാക്കുന്ന സ്റ്റാർട്ട്ഇൻ കോളേജ് പദ്ധതിയെ പിന്തുണക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റാർട്ടപ്പുകൾക്കായുള്ള അന്താരാഷ്ട്ര പദ്ധതിയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) 19 വിദ്യാർഥികളെ സ്‌പോൺസർ ചെയ്തിട്ടുണ്ട്. ലക്ഷ്യത്തിലെന്നപോലെ അന്താരഷ്ട്ര നിലവാരത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യയിൽ സ്ഥാപിക്കണമെങ്കിൽ ഇവിടെയുള്ള സംരംഭകർക്ക് ഏറ്റവും മികച്ച പ്രവർത്തനശൈലികളുമായി പരിചയം ഉണ്ടായിരിക്കണമെന്ന് കെഎസ്‌യുഎം സിഇഒ ഡോ സജി ഗോപിനാഥ് പറഞ്ഞു. കോളജിൽ പഠിക്കുന്ന കാലത്തുതന്നെ അത്തരം ഒരു പരിചയം മികച്ച സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് നൽകുന്നത് ലക്ഷ്യമിട്ടുള്ളതാണ് കെഎസ്‌യുഎമ്മിന്റെ അന്താരാഷ്ട്ര പദ്ധതിയെന്നും അദേഹം പറഞ്ഞു.

ജീവിതത്തിൽ വളരെ നേരത്തെതന്നെ ലോകനിലവാരത്തിലെ ആഗോള പരിചയം വിദ്യാർഥികൾക്ക് നൽകുന്നതിനായാണ് സിലിക്കൺ വാലി സന്ദർശനമെന്ന് എസ്‌വി.കോ ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു.

മുൻപൊരിക്കലും ലഭിച്ചിട്ടില്ലാത്ത അനുഭവമാണ് സിലിക്കൺ വാലി സന്ദർശനമെന്ന് മാഡ്‌ലാബ്‌സ് സ്ഥാപകനും സി ഇ ഓയുമായ കേരളത്തിൽ നിന്നുള്ള അജോ ജോൺ പറഞ്ഞു. സിലിക്കൺവാലിയിലെ ആയാസരഹിതവും സൗകര്യപ്രദവുമായ ഓട്ടോമേറ്റഡ് സിസ്റ്റംസ് ഉപയോക്താക്കൾക്ക് വ്യത്യസ്താനുഭവമാണ്. മെൻലോ കോളേജ് വിദ്യാർത്ഥികൾ പോലും വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. അവരിൽനിന്നു പലതും പഠിക്കാനുണ്ടെന്നും അജോ പറഞ്ഞു.