വെള്ളത്തിനടിയിലെ നിരീക്ഷണത്തിന് റോബോട്ട് ഡ്രോൺ – ഐറോവ്

Posted on: April 9, 2017

കൊച്ചി : അമേരിക്കയിൽ നടക്കുന്ന ആഗോള ഹാർഡ് വെയർ സ്റ്റാർട്ടപ്പ് മത്സരത്തിലേക്ക് മേക്കർ വില്ലേജിൽ രൂപകല്പന ചെയ്ത ഡ്രോൺ തെരഞ്ഞെടുക്കപ്പെട്ടു. കപ്പലുകളടക്കമുള്ള യാനങ്ങൾക്കുവേണ്ടി ജലാന്തർഭാഗ ദൃശ്യങ്ങൾ തത്സമയം ചിത്രീകരിക്കുന്ന ഐറോവ് എന്ന റോബോട്ട് ഡ്രോൺ ആണ് കൊച്ചി ഇലക്‌ട്രോണിക് ഇൻക്യുബേറ്ററായ മേക്കർ വില്ലേജിൽ നടന്ന പ്രാഥമിക മത്സരത്തിൽ വിജയിച്ചത്. അമേരിക്കയിൽ 35 ലക്ഷം രൂപ സമ്മാനത്തുക നൽകുന്ന ഹാർഡ്‌വെയർ മത്സരത്തിനുവേണ്ടി ആ രാജ്യത്തിനു പുറത്ത് ഇതാദ്യമായാണ് ആൽഫാലാബ് ഗിയർ നാഷനൽ ഹാർഡ്‌വേർ മത്സരം സംഘടിപ്പിക്കപ്പെടുന്നത്. ജോൺസ് ടി. മത്തായി, കണ്ണപ്പ പളനിയപ്പൻ പി. എന്നിവർ വികസിപ്പിച്ചെടുത്ത ഡ്രോണിനെ 35 അപേക്ഷകരിലെ ഏഴ് ഫൈനലിസ്റ്റുകളിൽനിന്നാണ് തെരഞ്ഞെടുത്തത്.

അടുത്ത മൂന്ന് മുതൽ ആറ് മാസങ്ങൾക്കുള്ളിൽ തങ്ങളുടെ ഉത്പന്നങ്ങൾ പുറത്തിറക്കാൻ തയാറായിരിക്കുന്ന ഹാർഡ്‌വെയർ ടെക് സ്റ്റാർട്ടപ്പുകളെ വിലയിരുത്താനായിരുന്നു മത്സരത്തിന്റെ ആദ്യ ഇന്ത്യൻ പതിപ്പ് കൊച്ചിയിൽ നടത്തിയത്. 50 മീറ്റർ ആഴത്തിലേക്കുവരെ പോകാവുന്ന ഐറോവിന് കപ്പലുകളുടെ അടിത്തട്ട്, സമുദ്രാന്തർഭാഗ കേബിളുകൾ, പാലങ്ങളുടെ തൂണുകൾ തുടങ്ങിയവയുടെ റിയൽ-ടൈം എച്ച്ഡി വിഡിയോ എടുക്കുക വഴി മുങ്ങൽവിദഗ്ധർ ഭൗതികമായി എത്തി വിലയിരുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും. ഇന്ത്യയുടെ ആദ്യ സോളാർ ഫെറിയിൽ വൈക്കത്താണ് ഐറോവ് ആദ്യമായി പരീക്ഷിച്ചത്. കപ്പലുകൾ, തുറമുഖങ്ങൾ, അണക്കെട്ടുകൾ, ന്യൂക്ലിയർ പവർ പ്ലാന്റുകൾ, സെർച്ച് ആൻഡ് റസ്‌ക്യൂ ഓപ്പറേഷനുകൾ, നേവിയുടെ മൈൻ ഡിറ്റക്ഷൻ, സമുദ്രപഠനം തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാവുന്നതാണ് ഐറോവ്.

മേക്കർ വില്ലേജിൽ ഇൻക്യുബേറ്റ് ചെയ്യപ്പെട്ട സംഘത്തിന് 25,000 രൂപയുടെ കാഷ് പ്രൈസ് ലഭിക്കും. ഏപ്രിൽ 18,19 തിയതികളിലായി പിറ്റ്‌സ്ബർഗിൽ നടക്കുന്ന ഫൈനൽ മത്സരങ്ങളിൽ ഏഴ് അമേരിക്കൻ പ്രാദേശിക വിജയികളോടും അഞ്ച് അന്താരാഷ്ട്ര വിജയികളോടും ഒപ്പമാണ് 35 ലക്ഷം രൂപയുടെ ഗ്രാൻഡ് പ്രൈസിനായി ഇവർ മത്സരിക്കുക. വിജയികൾക്ക് മറ്റ് അനേകം സമ്മാനങ്ങൾ കൂടാതെ ആൽഫാലാബ്‌സ് ഗിയറിൽ മൂന്ന് മുതൽ ആറ് മാസം വരെ പ്രവർത്തനപഠനം നടത്താനും അവസരം ലഭിക്കും. ഇന്ത്യാ മത്സരത്തിലെ വിജയികളുടെ അമേരിക്കയിലേക്കുള്ള യാത്ര ആൽഫാലാബ്‌സ് ഗിയർ, ടൈ പിറ്റ്‌സ്ബർഗ് ചാപ്റ്റർ, മേക്കർ വില്ലേജ് എന്നിവരാണ് സ്‌പോൺസർ ചെയ്തിരിക്കുന്നത്.

തേനീച്ചകളുടെ നീക്കം പ്രവചിക്കുന്ന സംവിധാനം, അക്രമികളെ ഷോക്കടിപ്പിക്കുകയും മുന്നറിയിപ്പ് സന്ദേശം നിശ്ചിത നമ്പറുകളിലേക്ക് അയക്കുകയും ചെയ്യുന്ന സ്ത്രീകൾക്കായുള്ള സുരക്ഷാ വസ്ത്രം, സ്‌ട്രെസ് മാനേജ്‌മെന്റിനായി തലച്ചോറിലെ തരംഗങ്ങൾ നിരീക്ഷിച്ചുപ്രവർത്തിക്കുന്ന ഹെഡ്‌ഫോൺ, വീടുകൾ റിമോട്ടായി പൂട്ടാനും തുറക്കാനുമുള്ള സംവിധാനം, ഉയർന്ന വിലയുള്ള ഉത്പന്നങ്ങളുടെ കണക്കെടുപ്പിനും ട്രാക്കിങ്ങിനുമായി ഐഒടി (ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്) സംവിധാനം, അംഗപരിമിതർക്കായി ചലനനിയന്ത്രിതമായ കണ്ണട മുതലായ ഉത്പന്നങ്ങളോട് മത്സരിച്ചാണ് ഐറോവ് വിജയിച്ചത്.

പങ്കെടുത്തവരെല്ലാം മികച്ച നിലവാരം പുലർത്തിയതിനാൽ വിജയിയെ തെരഞ്ഞെടുക്കുക പ്രയാസമേറിയതായിരുന്നെന്ന് മത്സരത്തിന്റെ പ്രധാന സംഘാടകരായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എനേബ്‌ളിംഗ് സംരംഭമായ ഫണ്ട്ക്ലൗഡ് പാർട്ട്‌ണേഴ്‌സ് സ്ഥാപക തേൻമൊഴി ഷൺമുഖം പറഞ്ഞു. മത്സരത്തിൽ അവതരിപ്പിച്ച ആശയങ്ങളെല്ലാം മികവുറ്റവയായിരുന്നു. ആൽഫാലാബ്‌സ് ഗിയർ നൽകുന്ന ഇടം, നെറ്റ്‌വർക്ക്, നിർമാണ മാർഗനിർദേശങ്ങൾ, വിപണി സാമീപ്യം, വികസനത്തിനായുള്ള ഇക്കോസിസ്റ്റം എന്നിവ പരമാവധി ഉപയോഗിക്കാവുന്ന സ്റ്റാർട്ടപ്പിനെ തെരഞ്ഞെടുക്കുകയായിരുന്നു ലക്ഷ്യമെന്നും തേൻമൊഴി കൂട്ടിച്ചേർത്തു.

തേൻമൊഴി ഷൺമുഖം, കേരളത്തിലും അമേരിക്കയിലുമായി പ്രാരംഭഘട്ട ഫണ്ട് ലഭ്യമാക്കുന്ന കോംഗ്ലോ വെഞ്ചേഴ്‌സിലെ ജയേഷ് പി, നെസ്റ്റ് ഇൻഫോടെക്കിന്റെ പ്രധാന കരാർ നിർമാണ പങ്കാളിയായ എസ്എഫ്ഒ ടെക്‌നോളജീസിലെ ശ്രീകുമാർ വി. എം, മേക്കർ വില്ലേജ് ചീഫ് കൺസൾട്ടന്റ് പ്രഫ. എസ്. രാജീവ് എന്നിവരടങ്ങിയ പാനലാണ് വിധിനിർണയം നടത്തിയത്.

ഭാവി ഇന്റലക്ച്വൽ പ്രോപ്പർട്ടി അവകാശങ്ങൾ, മികച്ച ഗുണനിലവാരമുള്ള ടീം, വിപണിസാധ്യതയുള്ള ഉത്പന്നം എന്നിവ ഉൾപ്പെടെയുള്ള നൂതനവും സവിശേഷവുമായ മാനദണ്ഡങ്ങളാണ് തെരഞ്ഞെടുക്കലിൽ ഉണ്ടായിരുന്നെതെന്ന് പ്രഫ. രാജീവ് പറഞ്ഞു. മേക്കർ വില്ലേജിൽ നടന്ന മത്സരം ലോകോത്തരമായ ആവിഷ്‌കാരങ്ങൾ ഇന്ത്യയിലും ആരംഭിക്കുന്നത് കാണിച്ചുതന്നു. ഐറോവ് ടീം അമേരിക്കയിലെ ഫൈനൽ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമെന്ന് വിശ്വസിക്കുന്നതായും അദേഹം കൂട്ടിച്ചേർത്തു.