അമേരിക്കൻ ഹാർഡ്‌വേർ സ്റ്റാർട്ടപ് മത്സരരം കേരളത്തിൽ

Posted on: April 7, 2017

കൊച്ചി : വൻസമ്മാനത്തുകയും സ്റ്റാർട്ടപ് പരിശീലനവും വാഗ്ദാനം ചെയ്ത് അമേരിക്കയിലെ ഏഴു നഗരങ്ങളിൽ നടത്തുന്ന ഹാർഡ്‌വേർ സ്റ്റാർട്ടപ് മത്സരത്തിന്റെ ഭാഗമായുള്ള ‘ഇന്ത്യൻ ആൽഫാലാബ് ഗിയർ ഹാർഡ്‌വേർ കപ്പ്’ ദേശീയ മത്സരം മാർച്ച് 27 ന് കൊച്ചിയിൽ നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഇലക്‌ട്രോണിക് ഇൻകുബേറ്ററായ കൊച്ചി മേക്കർ വില്ലേജിന്റെ ആഭിമുഖ്യത്തിലുള്ള മത്സരത്തിന് ഇതാദ്യമായാണ് അമേരിക്കയ്ക്ക് പുറത്ത് വേദി ഒരുങ്ങുന്നത്.

മികച്ച കംപ്യൂട്ടർ ഹാർഡ്‌വേർ ഉത്പന്നങ്ങളുമായി മത്സരത്തിൽ മുന്നിലെത്തുന്ന സംരംഭകർക്ക് അമേരിക്കയിൽ 35 ലക്ഷം രൂപ സമ്മാനത്തുക വെഞ്ച്വർ ക്യാപിറ്റലായി നൽകുന്ന മത്സരത്തിൽ പങ്കെടുക്കാം. 2017 ഏപ്രിലിൽ അമേരിക്കയിലെ പിറ്റ്‌സ്ബർഗിലാണ് മത്സരം.

ഇതിനുപുറമെ ജേതാക്കൾക്കായി ആറു മാസത്തെ സ്റ്റാർട്ടപ് ആക്‌സിലറേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, കൊച്ചിയിൽ മുന്നിലെത്തുന്ന ടീമിന് 25,000 രൂപയും സോളിഡ്‌വർക്‌സ് എന്ന കംപ്യൂട്ടർ ഡിസൈൻ പ്രോഗ്രാമിന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. റാഫേൽ യുദ്ധവിമാനങ്ങൾ നിർമിക്കുന്ന ദസാൾട്ട് ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ ഫ്രഞ്ച് സോഫ്റ്റ്‌വേർ കമ്പനിയായ ദസാൾട്ട് സിസ്റ്റംസിന്റെതാണ് സോളിഡ്‌വർക്‌സ്. അമേരിക്കയിലെ പരിശീലനം സ്‌പോൺസർ ചെയ്യുന്നത് ആൽഫാലാബ് ഗിയറും മേക്കർ വില്ലേജും ചേർന്നാണ്.

ഇലക്‌ട്രോണിക് സോഫ്റ്റ്‌വേർ ഡിസൈനിലും ഉത്പാദനത്തിലും (ഇഎസ്ഡിഎം) സർക്കാർ നൽകുന്ന പ്രോത്സാഹനം, സ്റ്റാർട്ടപ് നയങ്ങൾ, സമീപനം എന്നിവ കണക്കിലെടുത്താണ് അമേരിക്കയ്ക്ക് പുറത്ത് ഇതാദ്യമായി നടത്തുന്ന മത്സരം ഇന്ത്യയ്ക്കു നൽകുന്നതെന്ന് മേക്കർ വില്ലേജ് ചീഫ് കൺസൾട്ടന്റ് പ്രഫ. എസ് രാജീവ് പറഞ്ഞു.

കേരള സ്റ്റാർട്ടപ് മിഷൻ, ബോഷ്, സോളിഡ്‌വർക്‌സ്, ഫണ്ട് ക്ലൗഡ്.ഇൻ എന്നീ സ്ഥാപനങ്ങളാണ് കൊച്ചിയിലെ മത്സരവുമായി സഹകരിക്കുന്നതെന്ന് മേക്കർ വില്ലേജ് ഓപ്പറേഷൻസ് ഡയറക്ടർ രോഹൻ കലാനി അറിയിച്ചു. ഉത്പന്നങ്ങളുടെ ഗുണനിലവാരം, വിപണന സാധ്യത, ഉപഭോക്തൃതാല്പര്യം, വികസന സാധ്യത, മാതൃകയുടെ മെച്ചം എന്നിവ പരിശോധിച്ച് വിദഗ്ധസമിതിയാണ് വിധിനിർണയം നടത്തുന്നത്. നാലു മിനിട്ട്
അവതരണത്തിനായി നൽകുമെന്ന് ഫണ്ട്ക്ലൗഡ് പ്രിൻസിപ്പൽ തേൻമൊഴി ഷൺമുഖം പറഞ്ഞു .

സംസ്ഥാനസർക്കാരും ഐടി സ്ഥാപനങ്ങളും നൽകുന്ന സഹകരണവും പിന്തുണയും കേരളത്തെ ഒരു സംരംഭകകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ.ജയശങ്കർ പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്തെ ഐഐടിഎംകെയുടെ കീഴിൽ പ്രവർത്തിക്കുന്ന മേക്കർ വില്ലേജ് കേന്ദ്രീകരിച്ചിരിക്കുന്നത് റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, വെയറബിൾസ് എന്നീ ഹാർഡ്‌വെയർ മേഖലകളിലെ സംരംഭകത്വത്തിലാണ്.

ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, കേരള ടെക്‌നോളജി ഇൻകുബേഷൻ സോൺ എന്നിവയ്‌ക്കൊപ്പം മേക്കർ വില്ലേജ്, 160 കോടി രൂപയുടെ ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്റ്റർ, എസ്എഫ്ഒ പോലുള്ള വലിയ കമ്പനികൾ എന്നിവ കൂടി ചേരുമ്പോൾ കൊച്ചി ഇഎസ്ഡിഎം മേഖലയിൽ കുതിച്ചുചാട്ടം കാഴ്ചവയ്ക്കുമെന്ന് ഐഐഐടിഎംകെ ഡയറക്ടർ ഡോ. എം.എസ് രാജശ്രീ പറഞ്ഞു.

TAGS: Maker Village |