വിആർ നെക്സ്റ്റ് : വെർച്വൽ റിയാലിറ്റിയിൽ കുതിച്ചുചാട്ടത്തിന്

Posted on: February 23, 2017

വെർച്വൽ റിയാലിറ്റി അനന്ത സാധ്യതകളുള്ള ഒരു ബിസിനസ് മേഖലയാണ്. ഒരു മൊബൈൽ ഫോണും വെർച്വൽ ഹെഡ്‌സെറ്റും ഉണ്ടെങ്കിൽ വെർച്വൽ റിയാലിറ്റി സാധ്യമാകും. കേരളത്തിൽ വെർച്വൽ റിയാലിറ്റിയുടെ പുത്തൻ സാധ്യതകൾ തിരിച്ചറിഞ്ഞ സ്റ്റാർട്ടപ്പ് ആണ് കൊച്ചിയിലെ വിആർ നെക്സ്റ്റ്.

ഫേസ്ബുക്ക് 2014 മാർച്ചിൽ അമേരിക്കയലെ ഒരു സ്റ്റാർട്ടപ്പ് കമ്പനിയെ രണ്ട് ബില്യൺ യുഎസ് ഡോളർ നൽകി ഏറ്റെടുക്കുകയുണ്ടായി. കാലിഫോർണിയയിലെ നാല് യുവാക്കൾ ചേർന്നുണ്ടാക്കിയ ആ സ്റ്റാർട്ടപ്പ് കമ്പനി വെർച്വൽ റിയാലിറ്റി മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനു ശേഷമാണ് മറ്റ് ഐടി കമ്പനികൾ വെർച്വൽ റിയാലിറ്റിയെ ഗൗരവമായി കണ്ടുതുടങ്ങിയത്.

കേരളത്തിലെ ആദ്യത്തെ വെർച്വൽ റിയാലിറ്റി സ്റ്റാർട്ടപ്പാണ് വിആർ നെക്സ്റ്റ്. വിവിധ കമ്പനികൾക്ക് അവരുടെ ബിസിനസ് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള വെർച്വൽ റിയാലിറ്റി സോഫ്റ്റ്‌വേർ സൊലൂഷനാണ് വിആർ നെക്‌സ്റ്റ് അവതരിപ്പിക്കുന്നത്. രണ്ട് ഉത്പന്നങ്ങളാണ് ഇപ്പോൾ വിആർ നെക്സ്റ്റിനുള്ളത്. ബിൽഡേഴസിനായി ആർകിടെക്ച്ചർ റെൻഡറിംഗ് എന്ന വിആർ സൊലൂഷനും, ഓട്ടോമൊബൈൽ മേഖലയ്ക്കായി വിആർ 360 എന്ന സൊലൂഷനും.

 

ആർകിടെക്ച്ചർ റെൻഡറിംഗിൽ ബിൽഡർ വീടിന്റെ പണി തുടങ്ങുന്നതിന് മുൻപ് ആ വിട് എങ്ങനെയായിരിക്കും വീടിന്റെ അകത്ത് എന്തെല്ലാം സൗകര്യമുണ്ടായിരിക്കും എന്നിങ്ങനെയുള്ള കാര്യം വീഡിയോയിലൂടെ മനസിലാക്കിത്തരുന്നു. ഒരു വെർച്വൽ ഹെഡ്‌സെറ്റും ആനിമേറ്റഡോ 360 ഡിഗ്രിയിൽ ഷൂട്ട് ചെയ്തതോ ആയ വീഡിയോയും ഒരു മൊബൈൽ ഫോണും ഉപയോഗിച്ചാണ് വെർച്വൽ റിയാലിറ്റി സാധ്യമാക്കുന്നത്. വീഡിയോ മൊബൈലിൽ ഇട്ടശേഷം ഈ മൊബൈൽ വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റിൽ ഘടിപ്പിക്കുന്നു. തുടർന്ന് ഈ ഹെഡ്‌സെറ്റ് അണിഞ്ഞ് നോക്കിയാൽ യഥാർത്ഥ വീടിന്റെ അകത്ത് എത്തിയ രീതിയിലുള്ള പ്രതീതി തോന്നും.

ഹെഡ്‌സെറ്റിനോടൊപ്പമുള്ള റിമോട്ട് ഉപയോഗിച്ച് വീടിന്റെ ഓരോ മുറിയിലും ബാൽക്കണിയുമൊക്കെ നോക്കിക്കാണാം. പ്രത്യേക സോഫറ്റ്‌വേർ തയാറാക്കിയാണ് വിആർ നെക്സ്റ്റ് ഭവന നിർമാതാക്കൾക്കായി വെർച്വൽ റിയാലിറ്റി രൂപകല്പന ചെയ്തിട്ടുള്ളത്. ബിൽഡർമാർക്ക് ഇടപാടുകാരെ കണ്ടെത്തിക്കഴിഞ്ഞാൽ അവർക്കായി തയാറാക്കുന്ന വെർച്വൽ റിയാലിറ്റി വിഡിയോയിലൂടെ വളരെ പെട്ടന്നു തന്നെ കാര്യങ്ങൾ ഉപഭോക്താക്കൾക്കു മനസിലാക്കിക്കൊടുക്കാൻ സാധിക്കും. വിവിധയിടങ്ങളിൽ മോഡൽ ഭവനങ്ങൾ നിർമിക്കുന്ന ചെലവും ഒപ്പം ഉപഭോക്താക്കളെ അങ്ങോട്ട് എത്തിക്കുന്നതിനുള്ള ചെലവും കുറയ്ക്കാൻ കഴിയുകയും ചെയ്യും. മാത്രമല്ല യഥാർഥ വീടിന്റെ അകത്തു കയറുന്ന പ്രതീതി ഉള്ളതുകൊണ്ടു ഇടപാടുകാർക്ക് കാര്യങ്ങൾ അടുത്തറിയാൻ സാധിക്കും.

കല്യാൺ ഡെവലപ്പേഴ്‌സ്, ശ്യാമ ഡൈനാമിക് തുടങ്ങിയ നിർമാതാക്കൾ വിആർ നെക്‌സറ്റിന്റെ വെർച്വൽ റിയാലിറ്റി സേവനം ഇപ്പോൾ ഉപയോഗിക്കുന്നു. ശ്യാമ ഡൈനാമിക്കിന്റെ പാരഡൈസോ പ്രോജക്ടിന് വേണ്ടിയാണ് ആദ്യമായി വെർച്വൽ റിയാലിറ്റി വീഡിയോ ചെയ്തത്.

ഓട്ടോ മൊബൈൽ മേഖലയക്കായി തയാറാക്കിയിരിക്കുന്ന മറ്റൊരു സൊലൂഷനാണ് വിആർ 360. നിലവിൽ പോപ്പുലർ ഓട്ടോമൊബൈൽസ് വെർച്വൽ ഷോറൂം ഉപയോഗിക്കുന്നു. വെർച്വൽ ഷോറൂമിലൂടെ വാഹനത്തിന്റെ സവിശേഷതകളെല്ലാം കൃത്യമായി അറിയാം. ആനിമേറ്റഡും ഒപ്പം തന്നെ 360 ഡിഗ്രി വീഡിയോയും ചേർത്താണ് തയാറാക്കിയിട്ടുള്ളത്. മൊബൈലിലൂടെ വെർച്വൽ ഹെഡ്‌സെറ്റുകൾ വഴിയായി വാഹന ഡീലർമാർക്ക്് അവരുടെ ഉപഭോക്താക്കൾക്ക് ടെസ്റ്റ് ഡ്രൈവ് അനുഭവേദ്യമാക്കാം. ഷോറും സൗകര്യം ഇല്ലാത്ത ഗ്രാമീണ മേഖലയിൽ വാഹന ഡീലർമാർക്ക് ഈ സേവനം ഏറ്റവും പ്രയോജനം ചെയ്യും.

ത്രിഡി അന്തരീക്ഷത്തിൽ വെർച്വൽ ഷോറും ഒരുക്കി, ഉപഭോക്താവിന്റെ നോട്ടത്തിനനുസരിച്ച് ഓരോ വാഹനത്തിന്റെയും സവിശേഷതകൾ അറിയാം. കാഴ്ച ഡിറ്റെക്റ്റ് ചെയ്താണ് പ്രവർത്തനം. കുടുതൽ സമയം നോക്കുന്നത് എവിടേക്കാണോ അതിന്റെ വിശദാംശങ്ങൾ ഉപഭോക്താവിന് ലഭിക്കും. അടുത്ത ഘട്ടമെന്നോണം ഓൺലൈനായി സെയിൽസ്മാൻമാരുമായി ഇടപെടാൻ തക്ക രീതിയിലുള്ള സംവിധാനം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് വിആർ നെക്സ്റ്റ്. നിലവിൽ പോപ്പുലറിന്റെ 25 ഷോറൂമുകളിൽ വിആർ നെക്‌സ്റ്റിന്റെ വെർച്വൽ റിയാലിറ്റി ഉപയോഗിക്കുന്നു.

ബിസിനസ് ടു ബിസിനസ് സേവനങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. ബിസിനസ് ടു കൺസ്യൂമർ എന്ന രീതിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് വിആർ നെക്‌സ്റ്റ്. പല കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങൾ എല്ലാം ഒരു ഷോറൂമിൽ തന്നെ കാണിക്കാൻ കഴിയാത്ത പ്രശ്‌നം നേരിടുന്നുണ്ട്. ഈ പ്രശ്‌നങ്ങൾ എല്ലാം വെർച്വൽ ഷോറൂമിൽ പരിഹരിക്കാം. നിലവിൽ സോഫറ്റ്‌വേറുകൾ മാത്രമാണ് കമ്പനി നിർമിക്കുന്നത്. ആറ് മാസത്തോളമെടുത്താണ് ഇത്തരത്തിൽ വെർച്വൽ റിയാലിറ്റിയിൽ ഷോറൂമുകളും മറ്റും ഒരുക്കാനുള്ള ഐഡിയ ഇവർ രൂപ്പെടുത്തിയെടുത്തത്.

 

വെർച്വൽ റിയാലിറ്റിക്കൊപ്പം ഓഗ്മെന്റഡ് റിയാലിറ്റിയിലും പുതിയ ഗവേഷണങ്ങൾ നടത്തുകയാണ് വിആർ നെക്സ്റ്റ്. നിലവിൽ അഞ്ച് പ്രോജക്ടുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. 2016 ൽ 25 ലക്ഷത്തിന്റെ വരുമാനം ഉണ്ടാക്കാൻ വിആർ നെക്്സ്റ്റിനായി. ഈ വർഷം ഒരു കോടിയുടെ ബിസിനസാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

ഇടപ്പള്ളി സ്വദേശി വരുൺ പ്രിയനും പാലക്കാട് സ്വദേശി സെഫിൻ തോമസും ചേർന്നാണ് വിആർ നെക്സ്റ്റിന് തുടക്കം കുറിക്കുന്നത്. നെറ്റ്‌വർക്കിംഗ് ഹാർഡ്‌വേർ കമ്പനിയായ സിസ്‌കോയിൽ ഏഴ് വർഷം പ്രവർത്തിച്ച അനുഭവസമ്പത്ത് വരുണിനുണ്ട്. സെഫിൻ നിരവധി വീഡിയോ ഗെയിം കമ്പനികളിലും ജോലി ചെയതിട്ടുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റിയിലും വെർച്വൽ റിയാലിറ്റിയിലും വളരെയധികം താത് പര്യമുള്ളതിനാൽ ഈ മേഖല തെരഞ്ഞെടുക്കുകയായിരുന്നു.

ഇരുവരുടെയും സ്വന്തം സമ്പാദ്യം ഉപയോഗിച്ചായിരുന്നു കമ്പനിയുടെ മൂലധനം. വരുൺ ആണ് വിആർ നെക്‌സ്റ്റിന്റെ സിഇഒ. സെഫിൻ സിടിഒയും. കമ്പനിയുടെ ആസ്ഥാനം ഈ വർഷം ബംഗലുരുവിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് വിആർ നെക്സ്റ്റ്. കൊച്ചിയിൽ വെർച്വൽ റിയാലിറ്റിയുടെ സാധ്യതകൾ രൂപപ്പെട്ടു വരുന്നതേയുള്ളു. മെട്രോ നഗരമായ ബംഗലുരുവിലാണ് കൂടുതൽ സാധ്യതകൾ. കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായി നിക്ഷേപകരെയും വിആർ നെക്സ്റ്റ് തേടുന്നുണ്ട്.

എം എം

TAGS: Varun Priyan | VRnxt |