എച്ച് ഡി എഫ് സി ഡിജിറ്റൽ ഇന്നവേഷൻ സമ്മിറ്റിലെ വിജയികളെ പ്രഖ്യാപിച്ചു

Posted on: February 18, 2017

 

കൊച്ചി : എച്ച്ഡിഎഫ്‌സി ബാങ്ക് സംഘടിപ്പിച്ച ഡിജിറ്റൽ ഇന്നവേഷൻ സമ്മിറ്റ് രണ്ടാം പതിപ്പിലെ അഞ്ച് വിജയികളെ പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, സെക്യൂർ പേമെന്റ് സൊല്യൂഷൻ, ഗ്രാമീണ ഫിൻടെക് എന്നീ ഡൊമെയ്‌നുകളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. രണ്ടു വിജയികൾ ബംഗലുരുവിൽ നിന്നാണ്. മൂന്നു വിജയികൾ ദൽഹി, മുംബൈ, ഇസ്രയേലിലെ ടെൽഅവീവ് എന്നീ നഗരങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്.

തങ്ങൾ വികസിപ്പിച്ചെടുത്ത നൂതന മാതൃകകൾ സാങ്കേതിക, ബിസിനസ്, സുരക്ഷ, ഒത്തുനോക്കൽ വിലയിരുത്തലുകൾക്ക് ശേഷം ബാങ്കിൽ പ്രയോജനപ്പെടുത്താൻ വിജയികൾക്ക് അവസരം ലഭിക്കും. ഉന്നത നിലവാരത്തിലുള്ള ലോകോത്തര സാങ്കേതിക വിദ്യകളുടെ സമാഹാരം നേടുകയായിരുന്നു സമ്മിറ്റിന്റെ ലക്ഷ്യമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ഡിജിറ്റൽ ബാങ്കിങ് കൺട്രി ഹെഡ് നിതിൻ ഛഗ് അഭിപ്രായപ്പെട്ടു. ഈ വർഷം എഴ് വിദേശ കമ്പനികൾ സമ്മിറ്റിൽ പങ്കെടുത്തു.

സമ്മിറ്റിന്റെ രണ്ടാംപതിപ്പിൽ 113 ലേറെ എൻട്രികളാണ് ബാങ്കിന് ലഭിച്ചത്. ഇതിൽ ഇസ്രയേൽ, യുഎസ് തുടങ്ങിയ ആഗോള ടെക്‌നോളജി ഹബുകളിൽ നിന്നുള്ള ഏഴ് കമ്പനികളും ഉൾപ്പെടുന്നു. ആകെയുള്ള 113 എൻട്രികളിൽ നിന്നും 42 അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ജൂറി പാനലിന് മുന്നിൽ അവതരണത്തിന് ക്ഷണിച്ചു.