സ്റ്റാർട്ടപ്പുകൾക്കായി ബിസിനസ് ലീഡർഷിപ്പ് പ്രോഗ്രാം 13 ന്

Posted on: February 11, 2017

കൊച്ചി : സ്റ്റാർട്ടപ്പുകൾക്കും നവ സംരംഭകർക്കും മാർഗനിർദേശം നൽകാനായി കിറ്റ്‌കോ നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് 13 ന് ആരംഭിക്കും. കമ്പനി രജിസ്‌ട്രേഷൻ സേവനങ്ങൾ, ബിസിനസ് പ്ലാൻ തയാറാക്കൽ തുടങ്ങി നവ സംരംഭകർക്കും നിലവിൽ സംരംഭം തുടങ്ങിയവർക്കും എല്ലാ മാർഗനിർദേശങ്ങളും സഹായവും കിറ്റ്‌കോ – ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ (കിറ്റ്‌കോ – ടിബിഐ) ഒരുക്കുന്ന 45 ദിവസം നീണ്ടുനിൽക്കുന്ന പ്രോഗ്രാമിലൂടെ ലഭ്യമാക്കും.

പ്രധാനപ്പെട്ട സംരംഭക മികവുകൾ, ബിസിനസ് വെല്ലുവിളികൾ നേരിടുന്നതിനുള്ള പരിശീലനം, ബിസിനസ് മാതൃകകൾ വികസിപ്പിക്കൽ, സാമ്പത്തിക വിപുലീകരണ തന്ത്രങ്ങൾ, ബിസിനസ് മാതൃക, വരുമാന മാതൃക എന്നിവയിൽ കൺസൾട്ടൻസി സേവനങ്ങൾ, ബിസിനസ് പ്ലാൻ തയാറാക്കൽ, പേറ്റന്റ് ഫയൽ ചെയ്യൽ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പരിപാടി.

ഐ.ഐ.എം ഉൾപ്പെടെയുള്ള പ്രമുഖ മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരും സംരംഭകരുമാകും ക്ലാസെടുക്കുക. 30,000 രൂപയാണ് ഫീസ്. പ്രോഗ്രാമിന് മുന്നോടിയായി 11 ന് രാവിലെ 11 മണിക്ക് കിറ്റ്‌കോ ആസ്ഥാനത്ത് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ളവരുടെ ബയോഡാറ്റയും ആശയങ്ങളുടെ ചെറു വിവരണവും കിറ്റ്‌കോ, ഫെമിത്‌സ്, പി.ബി. നമ്പർ 4407, പുതിയ റോഡ്, എൻഎച്ച് ബൈപാസ്, വെണ്ണല, കൊച്ചി – 682028 എന്ന വിലാസത്തിൽ അയ്‌ക്കേണ്ടതാണ്.

TAGS: Kitco |