മലയാളി സ്റ്റാർട്ടപ്പിന് ഏഴു മാസത്തിനുള്ളിൽ ഏഴു കോടിയുടെ വിദേശഫണ്ട്

Posted on: February 11, 2017

കൊച്ചി : മലയാളി സ്റ്റാർട്ടപ്പ് പ്രവർത്തനമാരംഭിച്ച് ഏഴു മാസത്തിനുള്ളിൽ 6.8 കോടി രൂപ (ഒരു ദശലക്ഷം യുഎസ് ഡോളർ) യുടെ വിദേശ സീഡ് ഫണ്ടിംഗ് സ്വന്തമാക്കി. പതിവിൽനിന്ന് വ്യത്യസ്തമായ യാത്രാനുഭവങ്ങളും താമസവും ഒരുക്കുന്ന സ്റ്റാർട്ടപ്പ് സംരംഭമാണ് ബംഗലുരു ആസ്ഥാനമായ വാണ്ടർ ട്രെയ്ൽസ് (www.wandertrails.com). രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും വർദ്ധിച്ചുവരുന്ന ഉപയോക്താക്കൾക്കായി കൂടുതൽ നവീനമായ ഉത്പന്നങ്ങൾ അവതരിപ്പിക്കാനാണ് ഈ ധനസമാഹരണത്തിലൂടെ വാണ്ടർ ട്രെയ്ൽസ് ലക്ഷ്യമിടുന്നത്. ഇതിനോടകം കൊച്ചിയിലും ഡൽഹിയിലും കമ്പനി ഓഫീസ് തുറന്നുകഴിഞ്ഞു.

ഓൺലൈനിലൂടെ വ്യത്യസ്ത രീതിയിലുള്ള താമസവും മറ്റ് യാത്രാപരിപാടികളും അനുഭവവേദ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശൃംഖല 2020 ഓടെ വികസിപ്പിച്ചെടുക്കാനാണ് വാണ്ടർ ട്രെയ്ൽസ് ലക്ഷ്യമിടുന്നത്. അയ്യായിരത്തിലേറെ താമസസ്ഥലങ്ങളും 12 സംസ്ഥാനങ്ങളിലായുള്ള 65 ലക്ഷ്യസ്ഥാനങ്ങളിലെ യാത്രാപരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിൽ തുടക്കമിട്ട വാണ്ടർ ട്രെയ്ൽസ് യു.കെ. ആസ്ഥാനമായ വെഞ്ചർ കാപ്പിറ്റൽ കമ്പനിയായ ഏൾസ്ഫീൽഡ് കാപ്പിറ്റലിൽനിന്നാണ് ഫണ്ട് നേടിയത്. സംരംഭകർ തന്നെ പിന്നീട് നിക്ഷേപകരായി ആരംഭിച്ച സ്ഥാപനമാണ് ഏൾസ്ഫീൽഡ്. പ്രതികൂലമായ നിക്ഷേപക അന്തരീക്ഷത്തിലാണ് തങ്ങൾ ഒരു ദശലക്ഷം യുഎസ് ഡോളർ ഫണ്ട് നേടിയതെന്ന് വാണ്ടർ ട്രെയ്ൽസ് സഹസ്ഥാപകനും സിഇഒയുമായ വിഷ്ണു മേനോൻ പറഞ്ഞു.

ഇത് കമ്പനിയുടെ വീക്ഷണത്തിൻമേലുള്ള വിശ്വാസമുറപ്പിക്കലാണ്. കമ്പനിയുടെ ഇന്ത്യയിലെ വികസനപദ്ധതികൾ നിർവഹിക്കുന്നതിന് ഇത് ശക്തമായ സാമ്പത്തിക സുരക്ഷിതത്വം നൽകുമെന്നും വിഷ്ണു കൂട്ടിച്ചേർത്തു. ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ ബെയ്ൻ ആൻഡ് കമ്പനിയിൽ കൺസൾട്ടന്റായിരുന്നു കൊൽക്കത്ത ഐഐഎം-ൽനിന്നുള്ള എംബിഎ ബിരുദധാരിയായ വിഷ്ണു.

വാണ്ടർ ട്രെയ്ൽസിന്റെ കാര്യനിർവഹണശേഷിയിലും ചെറിയകാലയളവുകൊണ്ട് മൂലധനം മികച്ച രീതിയിൽ ഉപയോഗിച്ച് അവർ സൃഷ്ടിച്ചെടുത്ത ഉത്പ്പന്ന ശൃംഖലയിലും മികച്ച അഭിപ്രായമാണുള്ളതെന്ന് ഏൾഡ്ഫീൽഡ് മാനേജിംഗ് പാർട്ണർ മീരജ് ആലം പറയുന്നു. ഇന്ത്യയിൽനിന്നും യൂറോപ്പിൽനിന്നുമുള്ള അവരുടെ ഉപയോക്താക്കളോടു സംസാരിച്ചതിൽനിന്ന് വളരെ നല്ല വിലയിരുത്തലാണ് സ്ഥാപനത്തിനെക്കുറിച്ച് ലഭിച്ചത്. വിനോദസഞ്ചാരത്തിൽ ഇതാണ് അടുത്ത ചുവടുവയ്‌പ്പെന്ന് വിശ്വസിക്കുന്നു. ശക്തമായ അടിത്തറയോടുകൂടിയ ശക്തമായ വ്യവസായമാണ് വാണ്ടർ ട്രെയ്ൽസ് എന്ന് മീരജ് കൂട്ടിച്ചേർത്തു.

ഹോംസ്‌റ്റേ, ട്രീഹൗസ്, ഹൗസ്‌ബോട്ട്, ഹെറിറ്റേജ് ഹോംസ്, ടെന്റുകളുള്ള ക്യാമ്പുകൾ, റിസോർട്ടുകൾ എന്നിങ്ങനെ വിവിധ താമസസ്ഥലങ്ങൾ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ട്രെക്കിംഗ്, ഹെറിറ്റേജ് വാക്ക്, ആർട്ട് ട്രെയ്ൽ, സൈക്ക്‌ളിംഗ് സവാരികൾ എന്നിങ്ങനെ വിവിധ യാത്രാപരിപാടികളും തെരഞ്ഞെടുക്കാം. ഉപയോക്താക്കൾക്ക് താമസവും യാത്രാപരിപാടിയും ബുക്ക് ചെയ്യുകയോ അവയിലൂടെ വേറിട്ട യാത്രാപരിപാടി തയാറാക്കുകയോ ചെയ്യാവുന്നതാണ്.

പ്രതീക്ഷിക്കപ്പെടുന്നതിനപ്പുറം പോവുക എന്നതാണ് കമ്പനിയുടെ സവിശേഷത. ജംഗ്ൾ ലോഡ്ജിലെ താമസവും ജംഗിൾ സഫാരിയും, ആദിവാസി ഊരിലെ താമസവും മൂപ്പനൊപ്പം തേൻ ശേഖരണവും, മരുഭൂമി ക്യാമ്പിലെ താമസവും ഒട്ടകസവാരിയും, ഹിമാലയ താഴ്‌വരയിലെ ആപ്പിൾ തോട്ടത്തിൽ താമസവും യോഗയും എന്നിങ്ങനെ പതിവിൽനിന്ന് വ്യത്യസ്തമായ സവിശേഷ ഉത്പന്നങ്ങളും പുതുയുഗ യാത്രികരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാനായി സൃഷ്ടിച്ചവയാണെന്ന് വിഷ്ണു കുട്ടിച്ചേർത്തു.

TAGS: Wandertrails |