കേരള സ്റ്റാർട്ടപ്പ് മിഷൻ 50 ഫാബ്രിക്കേഷൻ ലബോറട്ടറികൾ സ്ഥാപിക്കും

Posted on: January 18, 2017

കൊച്ചി : ഏറ്റവും പുതിയ മാനുഫാക്ച്വറിംഗ് മെഷീനുകൾ ഉപയോഗിച്ച് ഏത് ഉത്പന്നവും രൂപകൽപന ചെയ്യാൻ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 50 ഫാബ്രിക്കേഷൻ ലബോറട്ടറികൾ സ്ഥാപിക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. ജയശങ്കർ പ്രസാദ് പറഞ്ഞു. ഫാബ് ലാബ് ഏഷ്യ നെറ്റ് വർക്ക് കോൺഫറൻസ് മൂന്നാമത് എഡിഷന്റെ രണ്ടാം പാദം (ഫാൻ 3) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ഈ ലബോറട്ടറികളിൽ 20 എണ്ണം ഫെബ്രുവരി അവസാനത്തോടെ പ്രവർത്തനക്ഷമമാകും. ബാക്കി 30 എണ്ണം എത്രയും പെട്ടെന്നു തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വിദ്യാർഥികൾക്ക് തങ്ങളുടെ ആശയങ്ങളുമായെത്തി അവ വികസിപ്പിക്കുന്നതിനുപയുക്തമാകുന്ന ഫാബ്രിക്കേറ്റിംഗ് പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്ന ഈ പദ്ധതിക്കായി സ്റ്റാർട്ടപ്പ് മിഷൻ 10 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായും ലബോറട്ടറികൾ സജ്ജമായാലുടൻ വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഉപയോഗിക്കാനാകുമെന്നും ഡോ. ജയശങ്കർ പ്രസാദ് പറഞ്ഞു.

മേക്കർ സംസ്‌കാരം സാധാരണക്കാർക്ക് ഗുണകരമാകുമെന്നും ലക്ഷ്യം നേടുന്നതിനായി സാങ്കേതിക വിദ്യയും കലയും കൂട്ടുചേരുമെന്നും അദ്ദേഹം പറഞ്ഞു. കംപ്യൂട്ടറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള നൂതനങ്ങളായ മാനുഫാക്ച്വറിംഗ് മെഷീനുകൾ ഉപയോഗിച്ച് വരുംനാളുകളിൽ ആളുകൾക്ക് ഏത് ഉത്പന്നവും രൂപകൽപന ചെയ്യാനും നിർമിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യ- പസഫിക് മേഖലയിലെ 21 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 81 ഫാബ് ലാബുകളുടെ ശൃംഖലയായ ഫാബ് ലാബ് ഏഷ്യ ഫൗണ്ടേഷനെപ്പറ്റി തായ്‌പേയ് ഫാബ് ലാബ് ഡയറക്ടർ ടെഡ് ഹംഗ് വിശദീകരിച്ചു. കോൺഫറൻസിന്റെ ആദ്യപാദം മുംബൈയിലാണ് നടന്നത്. കൊച്ചിയിൽ നടക്കുന്ന രണ്ടാം പാദം കേരള സ്റ്റാർട്ടപ്പ് മിഷനും വിഗ്യാൻ ആശ്രമവും റിസർച്ച് ഇന്നൊവേഷൻ ഇൻകുബേഷൻ ഡിസൈൻ ലാബ്‌സും ചേർന്നാണ് സംഘടിപ്പിക്കുന്നത്.

വിദ്യാർഥികൾ, അധ്യാപകർ, സാങ്കേതികവിദഗ്ദ്ധർ, മേക്കർമാർ, ഇന്നൊവേറ്റർമാർ തുടങ്ങിയവരുടെ ആഗോള സമൂഹത്തെ ബന്ധിപ്പിക്കുന്ന അറിവു പങ്കിടൽ ശൃംഖലയായും ഫാബ് ലാബ്‌സ് പ്രവർത്തിക്കുന്നു. ഫാൻ 3 കോൺഫറൻസ് അത്തരമൊരു പ്രവർത്തനത്തിന്റെ ഭാഗമാണ്. ഈ വർഷത്തെ കോൺഫറൻസിൽ ഏതാണ്ട് 80 രാജ്യാന്തര പ്രതിനിധികളും 200 പ്രാദേശിക മേക്കർമാരും പങ്കെടുക്കുന്നുണ്ട്. രണ്ടു ദിവസത്തെ കോൺഫറൻസ് ബുധനാഴ്ച സമാപിക്കും.