കൊച്ചിയിൽ ഫാബ്‌ലാബിന്റെ ഏഷ്യാ നെറ്റ്‌വർക്ക് കോൺഫറൻസ്

Posted on: January 16, 2017

കൊച്ചി : ഫാബ്‌ലാബ് ഏഷ്യ നെറ്റ്‌വർക്ക് കോൺഫറൻസ് മൂന്നാമത് എഡിഷന്റെ (എഫ്എഎൻ 3) രണ്ടാം ഭാഗം കൊച്ചിയിൽ ജനുവരി 17,18 തീയതികളിൽ നടക്കും. മുംബൈയിൽ 12 മുതൽ 15 വരെ നടക്കുന്ന ആദ്യ ഭാഗത്തിന്റെ തുടർച്ചയാണിത്. ഏഷ്യാ പസഫിക് മേഖലയിൽ 21 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 81 ഫാബ് ലാബുകളുടെ ശൃംഖലയായ ഫാബ് ലാബ് ഏഷ്യ ഫൗണ്ടേഷനാണ് ഒരാഴ്ച നീളുന്ന കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

കേരള സ്റ്റാർട്ടപ് മിഷൻ, വിഗ്യാൻ ആശ്രം, റിസർച്ച് ഇന്നൊവേഷൻ ഇൻകുബേഷൻ ഡിസൈൻ ലാബ്‌സ് എന്നിവ ചേർന്ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടി പ്രധാനമായും ശ്രദ്ധയൂന്നുന്നത് ഡിജിറ്റൽ ഫാബ്രിക്കേഷനിലും ഇന്റർനാഷണൽ കൊളാബറേഷനിലുമായിരിക്കും. ഈ വർഷത്തെ കോൺഫറൻസിൽ 80 രാജ്യാന്തര പ്രതിനിധികളും 200 പ്രാദേശിക നിർമാതാക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെറിയ പരിശീലനം മാത്രം സിദ്ധിച്ചിട്ടുള്ള ആളുകൾക്ക് കംപ്യൂട്ടറുമായി ബന്ധപ്പെടുത്തിയിട്ടുള്ള നൂതന നിർമാണോപകരണങ്ങൾ ഉപയോഗിച്ച് ഏത് ഉൽപന്നവും രൂപകൽപന ചെയ്ത് നിർമിക്കാനുള്ള സൗകര്യങ്ങളാണ് ഫാബ്‌ലാബ്‌സ് (ഫാബ്രിക്കേഷൻ ലബോറട്ടറീസ്) നൽകുന്നത്. സ്റ്റാർട്ടപ്പ് അന്തരീക്ഷവുമായി സംയോജിപ്പിച്ചിട്ടുള്ള ഈ സൗകര്യങ്ങൾ സംരംഭകരെ തങ്ങളുടെ ആശയങ്ങൾക്ക് എളുപ്പത്തിൽ പ്രാഥമിക രൂപം നൽകുന്നതിന് സഹായിക്കുന്നു. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സെന്റർ ഓഫ് ബിറ്റ്‌സ് ആൻഡ് ആറ്റംസുമായ ിചേർന്ന് സ്റ്റാർട്ടപ്പ് മിഷൻ തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇപ്പോൾ തന്നെ രണ്ട് ഫാബ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ഫാബ്‌ലാബിന്റെനൈപുണ്യം പ്രദർശിപ്പിക്കുന്നതിനായി മട്ടാഞ്ചേരിയിലെ മിൽഹാളിൽ ബിനാലെയുടെ ഭാഗമായി സ്റ്റാർട്ടപ്പ് മിഷൻ മേക്കർ ഔട്ട്‌പോസ്റ്റ് എന്ന പേരിൽ പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. കോളജുകളിലെ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണ്വർഷിപ്പ് ഡെവലപ്‌മെന്റ്‌സെന്ററുകളിൽ നിന്നുള്ള മികച്ച പ്രൊജക്ടുകൾ ഔട്ട്‌പോസ്റ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സൃഷ്ടിസ്‌കൂൾഓഫ് ആർട്ട് ആൻഡ് ഡിസൈൻ ടെക്‌നോളജിയിൽ നിന്നുള്ള കലാകാരന്മാരെ ഫാബ്‌ലാബിൽ കേരള ഫാബ് അക്കാദമി പരിശീലിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രൊജക്ടുകളും മിൽ ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.