സിലിക്കൺ വാലി പരിശീലനം : എസ്‌വി. കോയുടെ ആദ്യബാച്ച് തയാർ

Posted on: January 15, 2017

കൊച്ചി : ലോകത്തെ ആദ്യ ഓൺലൈൻ സ്റ്റുഡന്റ് ഇൻകുബേറ്ററും കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിന്റെ ഡിജിറ്റൽ പതിപ്പുമായ എസ്‌വി.കോ, സിലിക്കൺ വാലിയിലെ ആറുമാസ പരിശീലന പരിപാടിക്കായി 32 ടീമുകൾ ഉൾപ്പെടുന്ന ആദ്യബാച്ചിനെ തെരഞ്ഞെടുത്തു.

നാലുമാസമായി നടന്നുവരുന്ന പ്രവേശന പ്രക്രിയയിൽ 24 സംസ്ഥാനങ്ങളിലെ 226 സർവകലാശാലകളിൽനിന്നുള്ള പതിനായിരത്തിലേറെ വിദ്യാർഥികളാണ് 2326 ടീമുകളിലായി പങ്കെടുത്തത്. 22 ടീമുകൾ യോഗ്യത നേടിയപ്പോൾ കേരളമാണ് ടീമുകളുടെ എണ്ണത്തിൽ മുന്നിൽ. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാൻ, കർണാടക, ഡൽഹിഎന്നിവയാണു ടീമുകളുടെ എണ്ണത്തിൽ കേരളത്തിനു തൊട്ടുപിന്നിൽ.

32 ടീമുകളും ആറുമാസത്തെ ഓൺലൈൻ കോഴ്‌സ് പൂർത്തിയാക്കുകയും പുതിയ ഒരു ആശയം തെരഞ്ഞെടുത്ത് പ്രവർത്തനരൂപം നൽകുകയും ചെയ്യും. പ്രഥമ മാതൃക രൂപപ്പെടുത്തിയശേഷം അന്തിമരൂപം സിലിക്കൺ വാലിയിലെ ഫേസ് ബുക്ക് ആസ്ഥാനത്ത് അവതരിപ്പിക്കും.

ആഗോളതലത്തിൽ നമ്മുടെ യുവാക്കളുടെ മികവു തെളിയിക്കാനുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണമാണു മുന്നിലെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു.