ജിടെക്‌സ് ഗ്ലോബൽ സ്റ്റാർട്ടപ്പ് മൂവ്‌മെന്റിന് തുടക്കമായി

Posted on: October 16, 2016

gitex-global-startup-moveme

ദുബായ് : ജിടെക്‌സ് ടെക്‌നോളജി വീക്കിനോടനുബന്ധിച്ച് ഗ്ലോബൽ സ്റ്റാർട്ടപ്പ് മൂവ്‌മെന്റിന് ദുബായിൽ തുടക്കംകുറിച്ചു. സാങ്കേതിക മുന്നേറ്റത്തിന്റെ പിൻബലത്തിൽ ദുബായിയെ ലോകോത്തര സ്മാർട്ട്‌സിറ്റിയായി മാറ്റാനുള്ള യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണം ഗ്ലോബൽ സ്റ്റാർട്ടപ്പ് മൂവ്‌മെന്റിന് വഴികാട്ടും. വിവിധ മേഖലകളിലുള്ള യുവസംരംഭകർക്ക് തങ്ങളുടെ ആശയങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഗ്ലോബൽ സ്റ്റാർട്ടപ്പ് മൂവ്‌മെന്റ് വേദിയൊരുക്കും.

 

വരുംതലമുറ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ജിടെക്‌സ് ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം. ഇതോടെ ഇൻകുബേറ്ററുകൾ, ആക്‌സിലറേറ്ററുകൾ, ഇൻവെസ്റ്റേഴ്‌സ് എന്നിവർക്കുള്ള വ്യവസായഹബായി ദുബായ് മാറും. 60 രാജ്യങ്ങളിൽ നിന്നായി 410 സ്റ്റാർട്ടപ്പുകൾ ജിടെക്‌സ് ഗ്ലോബൽ സ്റ്റാർട്ടപ്പ് മൂവ്‌മെന്റിന്റെ ഭാഗമാണ്. ഗവൺമെന്റ് നേതൃത്വത്തിലുള്ള 14 സ്റ്റാർട്ടപ്പ് ഡെലിഗേഷനുകൾ ജിടെക്‌സ് ഗ്ലോബൽ സ്റ്റാർട്ടപ്പിൽ പങ്കെടുക്കുന്നുണ്ട്.

gitex-startup-movement-audi

ലോകത്തിൽ ആദ്യ ബ്ലഡ്ബാങ്ക് മൊബൈൽ ആപ്പ് ഐകെയർ (യുഎഇ), കാർബുക്കിംഗ് സർവീസായ കരീം (യുഎഇ), ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ സൂക്ക്‌ഡോട്ട്‌കോം (യുഎഇ), കുട്ടികൾക്കായുള്ള ആദ്യ ട്രാവൽ ആപ്പ് ബുൾബുൾ (ഇന്ത്യ) തുടങ്ങി വിജയകരമായ നിരവധി സ്റ്റാർട്ടപ്പുകൾ ജിടെക്‌സ് ഗ്ലോബൽ സ്റ്റാർട്ടപ്പ് മൂവ്‌മെന്റിലുണ്ട്. ഒക്‌ടോബർ 20 വരെയുള്ള ജിടെക്‌സ് ടെക്‌നോളജി വീക്കിൽ 230 പ്രമുഖ പ്രാസംഗികരും 130 കോൺഫറൻസ് അവേഴ്‌സിലായി 65 സെഷനുകളുമുണ്ടാകും.