ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് രജിസ്‌ട്രേഷൻ തുടങ്ങി

Posted on: September 22, 2016

india-innovation-challenge

 

ബംഗലുരു : ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് 2016 ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ബാംഗ്ലൂരിന്റെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെ ടെക്‌സാസ് ഇൻസ്ട്രുമെന്റ്‌സ് ആണ് മത്സരം സംഘടിപ്പിക്കുന്നത്. എൻജിനീയറിംഗ് വിദ്യാർഥികൾക്ക് mygov.in എന്ന വെബ് സൈറ്റ് വഴി സെപ്റ്റംബർ 30 വരെ രജിസ്‌ട്രേഷൻ നടത്താം.

പങ്കെടുക്കുന്നവർക്ക് ആവശ്യമായ ഉപകരണങ്ങൾ, രൂപകൽപ്പനയ്ക്കുള്ള നിർദേശങ്ങൾ, പ്രോട്ടോടൈപ്പ് നിർമ്മാണം എന്നിവ അടക്കമുള്ള സാങ്കേതിക സഹായവും മാർഗനിർദേശങ്ങളും ഉത്പന്നത്തിന്റെ അന്തിമ നിർമ്മാണഘട്ടം വരെ ടെക്‌സാസ് ഇൻസ്ട്രുമെന്റ്‌സ് ലഭ്യമാക്കും. രണ്ടു കോടി രൂപ സീഡ് ഫണ്ടും 1.5 കോടി രൂപ പ്രൊഡക്ട് ഡെവലപ്‌മെന്റ് ഫണ്ടും അടക്കം 3.5 കോടി രൂപ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായം മികച്ച വിദ്യാർഥി സംരംഭങ്ങൾക്ക് ലഭിക്കും.

യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകളിലൂടെ വിദ്യാർഥികളുടെ നൂതനാശയങ്ങൾ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ടെക്‌സാസ് ഇൻസ്ട്രുമെന്റ്‌സ് ഇന്ത്യ യൂണിവേഴ്‌സിറ്റി പ്രോഗ്രാം ഡയറക്ടർ സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു. വിദ്യാർഥികളുടെ നൂതന ആശയങ്ങളെയും ചിന്തകളെയും വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിന് ടിഐയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഐഐഎം ബാംഗ്ലൂരിലെ എന്റർപ്രണേറിയൽ ഇക്കോസിസ്റ്റം ഡെവലപ്‌മെന്റ് ചെയർപേഴ്‌സൺ പ്രഫ. സുരേഷ് ഗവതുള്ള പറഞ്ഞു.